ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്കുള്ള ആദ്യ പടിയായി പ്രധാനമന്ത്രിക്കും ബിജെപിക്കും നേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആക്രമണം തുടങ്ങി. നീരവ് മോഡിയേയും ലളിത് മോഡിയേയും ചൂണ്ടി അഴിമതിയുമായി ബന്ധപ്പെടുത്തി മോഡിക്ക് നേരെ ഇതുവരെ നടത്തിയിട്ടുള്ള ഏറ്റവും വലിയ ആക്രമണമാണ് രാഹുല്‍ തൊടുത്തത്. ‘മോഡി’ എന്ന പേര് നിര്‍ജ്ജീവാവസ്ഥയുടെയും അഴിമതിയുടെയും പര്യായമാണെന്നും അമിത് ഷാ കൊലപാതകക്കേസ് പ്രതിയാണെന്നും പറഞ്ഞു. എഐസിസി പഌനറി സെഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന് നീരവ് മോഡിയും ക്രിക്കറ്റിലെ ഏറ്റവും വലിയ അഴിമതിക്കാരന് ലളിത് മോഡിയും പ്രധാനമന്ത്രിയുടെ പേരിലുള്ളവരാണ്. മോഡി എന്ന പേര് തന്നെ ഇപ്പോള്‍ പ്രധാനമന്ത്രിയുടെയും ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസുകാരന്റേയും ചേര്‍ന്നുള്ള വഞ്ചനയുടെ പ്രതീകമാണ്. മോഡി മറ്റൊരു മോഡിക്ക് നിങ്ങളുടെ പണത്തില്‍ നിന്നും 30,000 കോടി രൂപ കൊടുത്തു. ഈ മോഡി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറ്റേ മോഡിക്ക് സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ പണം നല്കി. പരസ്പരം ഉപകാരപ്പെടുന്ന കരാറുകളാണ് ഇരുവരും ഉണ്ടാക്കിയത്. അതുപോലെ തന്നെ യുദ്ധവിമാനങ്ങളുടെ കാര്യവും മറക്കരുതെന്നും ഈ മനുഷ്യനെ പച്ചക്കറി വാങ്ങാന്‍ പോലും വിശ്വസിക്കാനാകില്ലെന്നും പറഞ്ഞു.
അഴിമതിക്കാരനായ മോഡിക്ക് എങ്ങിനെ അഴിമതിക്കെതിരേ പോരാടാനാകുമെന്നും രാഹുല്‍ ചോദിച്ചു. 52 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അമിത്ഷായേയും അരുണ്‍ ജെയ്റ്റ്ലിയെയും രാഹുല്‍ വിട്ടില്ല. കൊലപാതകക്കേസ് പ്രതി എന്നാണ് അമിത് ഷായെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസിന്റെ തലവനായി ഇത്തരത്തിലുള്ള ഒരാളെ ഒരിക്കലും ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉയര്‍ന്ന നിലവാരമുള്ളവരെയാണ് കോണ്‍ഗ്രസ് അത്തരം പദവിയില്‍ നിയോഗിക്കുന്നതെന്നും പറഞ്ഞു. നീരവ് മോഡിയുമായി ബന്ധമുള്ളയാളാണ് അരുണ്‍ ജെയ്റ്റ്ലിയുടെ മകളെന്നും പറഞ്ഞു. സത്യത്തിന് വേണ്ടി പൊരുതുന്ന പാണ്ഡവരാണ് കോണ്‍ഗ്രസ്. സമ്പന്നഅസഹിഷ്ണുക്കളായ കൗരവരാണ് ബിജെപിയെന്നും പറഞ്ഞു. അടുത്ത വര്‍ഷം പ്രധാനമന്ത്രി പദവുമായി രാഹുല്‍ഗാന്ധി ചവുപ്പുകോട്ടയില് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുമെന്ന് പഞ്ചാബ് മന്ത്രി നവ്ജ്യോത് സിംഗ് സിദ്ധു പറഞ്ഞു.