അവര്‍ എന്നെ ചതിച്ചു; നാലു കോടി രൂപ തട്ടിയെടുത്തു…

ബംഗളുരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രാഹുല്‍ ദ്രാവിഡിനെ പറഞ്ഞു പറ്റിച്ച് നാല് കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍ത്ത് മാനേജ്‌മെന്റ് കമ്പനിയായ വിക്രം ഇന്‍വെസ്റ്റ്‌മെന്റിനെതിരെയാണ് ആരോപണം. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ദ്രാവിഡില്‍ നിന്ന് 20 കോടി രൂപ നിക്ഷേപം കൈപ്പറ്റിയാണ് കമ്പനി തട്ടിപ്പ് നടത്തിയത്. നിക്ഷേപമായി സ്വീകരിച്ച 20 കോടിയില്‍ 16 കോടി രൂപ കമ്പനി തിരിച്ചു നല്‍കി. എന്നാല്‍ നാല് കോടി രൂപ ഇനിയും ലഭിക്കാനുണ്ട്.
തട്ടിപ്പിനെതിരെ രാഹുല്‍ ദ്രാവിഡ് സദാശിവ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ദ്രാവിഡ് ഉള്‍പ്പെടെ എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി മുന്നൂറ് കോടി രൂപയോളം കമ്പനി തട്ടിയെടുത്തതായി ആരോപണമുണ്ട്. തന്റെ 11.74 കോടി രൂപ തട്ടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടി പി.ആര്‍ ബാലാജി എന്ന നിക്ഷേപകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് വെളിയില്‍ വന്നത്. ഇതേതുടര്‍ന്ന് മറ്റ് നിക്ഷേപകരും പരാതിയുമായി രംഗത്ത് വരികയായിരുന്നു.
നിക്ഷേപകരുടെ പരാതിയില്‍ കമ്പനി ഡയറക്ടര്‍ രാഘവേന്ദ്ര ശ്രീനാഥ് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ നൂറിനടുത്ത് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ബംഗളുരു പോലീസ് വ്യക്തമാക്കി. 4050 ശതമാനം വരെ വാര്‍ഷിക റിട്ടേണ്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കമ്പനി നിക്ഷേപം സ്വീകരിച്ചത്. എന്നാല്‍ നിക്ഷേപം സ്വീകരിച്ച് കഴിഞ്ഞ് വഗ്ദാനം ചെയ്ത ലാഭം ലഭിച്ചില്ല. ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളും പ്രകാശ് പദുക്കോണ്‍ തുടങ്ങിയവര്‍ക്കും ഈ കമ്പനിയില്‍ നിക്ഷേപമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7