തിരുവനന്തപുരം: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലൗ’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തത്തെ പിന്തുണച്ച് രംഗത്തു വന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃത്താല എംഎല്‍എ വി.ടി.ബല്‍റാം. നാട്ടിലെ അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും പ്രതികരിക്കാതെ പാട്ടിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി ഗീര്‍വാണം മുഴക്കുന്ന കാപട്യക്കാരനാണു പിണറായിയെന്നു സമൂഹമാധ്യത്തിലെ കുറിപ്പില്‍ ബല്‍റാം ആരോപിച്ചു.
‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരായ വിവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിതെന്നും നേരത്തേ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പിണറായി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഹിന്ദുമുസ്ലിം വര്‍ഗീയവാദികള്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. ഇതിനെതിരെയാണു ബല്‍റാം പ്രതികരിച്ചത്.
വി.ടി.ബല്‍റാമിന്റെ കുറിപ്പില്‍നിന്ന്:
സ്വന്തം ജില്ലയില്‍ സ്വന്തം പാര്ട്ടിക്കാര് ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗര്‍ഭിണിയെ വയറ്റത്തു തൊഴിച്ച്, പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനെക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്ക്കാര സ്വാതന്ത്ര്യ ഗീര്‍വാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനോടു താന്‍ ആദ്യം ഇതിനേക്കുറിച്ച് പറഞ്ഞിട്ട്പോയാല്‍മതി എന്നു മുഖത്തുനോക്കി ചോദിക്കാന്‍ കെല്‍പ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്കാരിക മാണിക്യങ്ങള് ഇവിടെ ജീവിച്ചിരിപ്പുണ്ടോ?