കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര ജയിച്ച് ചരിത്രം കുറിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം വില്ലനായും പിന്നീട് ഹീറോയായും മാറിയ താരമാണ് ഹര്‍ദിക് പാണ്ഡ്യ. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ക്യാച്ച് സമ്മാനിച്ച് ആരാധകരുടെ മനസ്സില്‍ തീകോരിയിട്ടാണ് പാണ്ഡ്യ പുറത്തായത്. പക്ഷെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ പന്തെടുത്ത ഹാര്‍ദ്ദിക് അതിനുള്ള മറുപടി നല്കി. തന്റെ അഞ്ചാം ഓവറില്‍ ആക്രമണകാരിയായ ജെ.പി ഡ്യുമിനിയെ പവലിയനിലേക്കയച്ചായാണ് താരം ആരാധകര്‍ക്ക് ആശ്വാസമേകിയത്.
എന്നാല്‍ ഇതായിരുന്നില്ല പാണ്ഡ്യയുടെ ഏറ്റവും മനോഹര പ്രകടനം. കുല്‍ദീപ് യാദവ് തന്റെ പത്താം ഓവര്‍ എറിഞ്ഞ പന്ത് ഷംസി ഉയര്‍ത്തി അടിച്ചു. അത്ഭുതകരമായി ഒറ്റ കൈകൊണ്ട് പാണ്ഡ്യ ക്യാച്ച് എടുക്കുകയായിരുന്നു. പന്തിനായി പാഞ്ഞ ശിഖര്‍ ധവാന് മുമ്പില്‍ പാണ്ഡ്യ കൂടി വന്നതോടെ ആശയക്കുഴപ്പം കാരണം ക്യാച്ച് കൈവിട്ട് പോകുമെന്ന് തോന്നിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. കിടിലന്‍ ക്യാച്ചുമായി ഹര്‍ദിക് ക്രിക്കറ്റ് പ്രേമികളുടെ മനംകവര്‍ന്നു.
Pandya does it again pic.twitter.com/LE9Zf3zXsJ
— Cricket Videos (@cricvideos11) February 13, 2018
പോര്‍ട്ടീസ് മണ്ണിലെ ആദ്യ ഏകദിന പരമ്പര എന്ന മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് ഇന്ത്യ ഇന്നലെ വിരാമമിട്ടത്. ആധികാരികമായിരുന്നു ഇന്ത്യന്‍ വിജയം. ബാറ്റുകൊണ്ടും ബൗളുകൊണ്ടും ഇന്ത്യ തിളങ്ങി. ഫീല്‍ഡിംഗിലും ഇതേ ആധിപത്യം നിലനിര്‍ത്താന്‍ സാധിച്ചതോടെ വിജയം അനായാസമായി.
നേരത്തെ ഇന്ത്യ 274 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പോര്‍ട്ടീസ് ആകട്ടെ 201 ന് ഓള് ഔട്ടാവുകയും ചെയ്തു. ഇതോടെ പരമ്പരയില്‍ ഇന്ത്യയുടെ ലീഡ് 41 ആയി. ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യന്‍ വിജയം. രോഹിത് 115 റണ്‍സെടുത്തു. കുല്‍ദീപ് യാദവ് നാല് വിക്കറ്റും വീഴ്ത്തിയിരുന്നു. രണ്ടുവിക്കറ്റാണ് ഹര്‍ദിക് നേടിയത്.