ന്യൂയോര്‍ക്ക്: അമേരിക്കയെ അടിമുടി മാറ്റിമറിക്കാന്‍ ഉദ്ദേശിച്ചു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവുകള്‍ക്കു പിന്നാലെ പ്രസവം നേരത്തെയാക്കാന്‍ നെട്ടോട്ടമോടി ഇന്ത്യക്കാരായ ഗര്‍ഭിണികള്‍. കുടിയേറ്റ വിരുദ്ധ പോളിസികളുടെ ഭാഗമായി ട്രംപ് ഇറക്കിയ എക്സിക്യുട്ടീവ് ഉത്തരവ് അനുസരിച്ച് ഫെബ്രുവരി 20നു ശേഷം ജനിക്കുന്ന കുട്ടികള്‍ക്കു ജന്മംകൊണ്ടുള്ള പൗരത്വം ലഭിക്കില്ല. കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്ന അമ്മമാര്‍ ഇതിനുമുമ്പ് ഏതുവിധേനയും ജന്മം നല്‍കാനുള്ള നെട്ടോട്ടത്തിലാണ്. ഇതിനായി ആശുപത്രികളില്‍ ഓപ്പറേഷന് നടത്താനുള്ള നീക്കത്തിലാണ് ഇവരെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രസവിക്കാന്‍ ഒന്നോ രണ്ടോ മാസങ്ങള്‍ ശേഷിക്കേയാണ് ഓപ്പറേഷനിലൂടെ കുഞ്ഞിനു ജനനം നല്‍കാനുള്ള നീക്കം. ന്യൂജഴ്സിയിലെ മറ്റേണിറ്റി ക്ലിനിക്കിലെ ഡോ. എസ്.ഡി. രമയുടെ വാക്കുകള്‍ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ഇവരുടെ പക്കല്‍ നിരവധി അപേക്ഷകള്‍ ഇത്തരത്തില്‍ ലഭിച്ചു. നോണ്‍-പെര്‍മനന്റ് റസിഡന്‍സിയുള്ള ദമ്പതികളുടെ മക്കള്‍ക്ക് ഇതുവരെ ജന്മാവകാശമായി പൗരത്വം ലഭിച്ചിരുന്നു.
എന്നാല്‍ ഫെബ്രുവരി 20നുശേഷം ഇതുണ്ടാകില്ലെന്ന് ട്രംപിന്റെ ഉത്തരവില്‍ പറയുന്നു. ഓട്ടോമാറ്റിക് ബര്ത്ത്റൈറ്റ് പൗരത്വത്തിലെ മാറ്റം കുടിയേറ്റ പോളിസികളിലെ ഏറ്റവും വലിയ മാറ്റമായിട്ടാണു വിലയിരുത്തുന്നത്. താത്കാലിക വിസയില്‍ കഴിയുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ നിയമം ബാധിക്കും. ഇതുവരെ കുട്ടികള്‍ക്കു ഏതു രാജ്യമെന്നതു നോക്കാതെ കുട്ടികള്‍ക്കു പൗരത്വം ലഭിച്ചിരുന്നു. എന്നാല്‍, പൂര്‍ണവളര്‍ച്ചയെത്താതെ കുട്ടികള്‍ക്കു ജന്മം നല്‍കുന്നത് അപകടകരമാണെന്നു ടെക്സാസിലെ ഡോക്ടറായ എസ്.ജി. മുക്കാല പറയുന്നു. ശ്വാസകോശം വളരാതിരിക്കുന്നതിനൊപ്പം ഭാരക്കുറും വിളര്‍ച്ചയും നാഡീ പ്രശ്നങ്ങളും കുട്ടികള്‍ക്കുണ്ടാകുമെന്ന് ഇദ്ദേഹം മുന്നറിയിപ്പു നല്കുന്നു.
ഇതു കുട്ടിക്കും അമ്മയ്ക്കും ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നു താന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഇരുപതോളം മാതാപിതാക്കളെ കാര്യം ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇവിടെയെത്താന്‍ ഏറെ കഷ്ടപ്പെട്ടെന്നും ഇപ്പോള്‍ ഞങ്ങള്‍ക്കുമുന്നില്‍ വാതില്‍ അടയുന്നതുപോലെയാണു തോന്നുന്നതെന്നും 28 കാരനായ യുവാവ് പറഞ്ഞു. എച്ച് 1 ബി വിസയുണ്ട് തനിക്ക്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ അച്ഛനാകുമെന്നും അദ്ദേഹം പറഞ്ഞു.