നിലമ്പൂര്‍: എഡിജിപി അജിത് കുമാറിനെയും മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെയും വിമർശിച്ച് തുടങ്ങിയ അൻവർ അവരെ അറസ്റ്റ് ചെയ്യിച്ച് ജയിലിലടയ്ക്കുമെന്നു പ്രതിജ്ഞയെടുത്തിരുന്നു. ഒടുവിൽ അന്‍വര്‍ ജയിലിലേക്ക് പോവുന്ന കാഴ്ചയാണു രാഷ്ട്രീയ കേരളം കാണുന്നത്. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അജിത് കുമാറിനെ ഡിജിപിയാക്കില്ലെന്നും ജയിലിൽ അടയ്ക്കുമെന്നും കഴിഞ്ഞദിവസവും അൻവർ പറഞ്ഞിരുന്നു.
ഫോറസ്റ്റ് ഓഫീസ് ആക്രമണമെന്ന ജാമ്യമില്ലാ കേസ് അൻവറിനെതിരെ കിട്ടിയത് ഭരണപക്ഷത്തിനും പിടിവള്ളിയായി. അൻവർ പൊലീസിനു എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പരാതി എഴുതി വാങ്ങി വിവാദം അവസാനിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയും പാര്‍ട്ടിയും ആദ്യം ശ്രമിച്ചത്. മലപ്പുറത്തുനിന്നു തിരുവനന്തപുരത്ത് നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മാധ്യമങ്ങളെ കണ്ട അന്‍വര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും അൻവർ ആരോപണങ്ങൾ കടുപ്പിച്ചു. ഇതാണ് അന്‍വറിന് എൽഡിഎഫിൽ നിന്നും പുറത്തേക്കുള്ള വഴിയൊരുക്കിയത്.
മുന്നണിയിൽ നിന്നും പുറത്തായ ശേഷവും നിരന്തരം വാര്‍ത്താസമ്മേളനം വിളിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കൽ അന്‍വര്‍ തുടര്‍ന്നു. പൊതുസമ്മേളനങ്ങള്‍ വിവിധ സ്ഥലങ്ങളിൽ നടത്തി. പല പാര്‍ട്ടികളിലേക്കും ചേക്കേറാനുള്ള ശ്രമം നടത്തിയെങ്കിലും ഒടുവില്‍ ഡിഎംകെ എന്ന കക്ഷിയുണ്ടാക്കി. ചേലക്കരയില്‍ ഡിഎംകെയുടെ സ്ഥാനാര്‍ഥി മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ പിന്നീട് അന്‍വറിന് കഴിഞ്ഞില്ല. ഇതിനിടെയാണ് അന്‍വറിന് ജയിലിലേക്കുള്ള വഴി അദ്ദേഹം തന്നെ വെട്ടിത്തെളിച്ചത്.
കഴിഞ്ഞ ദിവസം കരുളായിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം ഉണ്ടായതോടെ അൻവറും സംഘവും ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഇത് അക്രമങ്ങളിലേക്ക് പോവുകയും പൊതുമുതല്‍ നശിപ്പിച്ചതിനു പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ സംഭവമാണ് അൻവറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
പൊലീസ് സംഘം അന്‍വറിന്റെ വീട് വളഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ നാടകീയ സംഭവങ്ങളാണ് അന്‍വറിന്റെ വീട്ടില്‍ നടന്നത്. അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അന്‍വറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. PATHRAM ONLINE
ഞാനൊരു നിയമ സമാജികനായതുകൊണ്ട് മാത്രം നിയമത്തിന് വഴങ്ങുകയാണ്. ഇല്ലെങ്കില്‍ പിണറായിയല്ല ആര് വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു. നിയമത്തിന് കീഴടങ്ങുകയാണ്. ജയിലിലിട്ട് എന്നെ ഒരു പക്ഷേ കൊന്നേക്കാം. ജീവന്‍ ബാക്കിയുണ്ടെങ്കില്‍ ഞാന്‍ കാണിച്ചുകൊടുക്കാം. അറസ്റ്റിന് ശേഷം പി വി അന്‍വര്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അന്‍വറിനെ അറസ്റ്റ് ചെയ്തത് നിയമാനുസൃത നടപടിയുടെ ഭാഗമായിട്ടാണെന്നും ഇതില്‍ യാതൊരുവിധത്തിലുള്ള ബാഹ്യ ഇടപെടലുകളുമില്ലെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. (P V anvar MLA arrested DMK Kerala p v anvar pinarayi vijayan wild elephant attack)
താന്‍ കക്കാനും കൊല്ലാനും പോയതല്ലെന്നും ഒരു പാവപ്പെട്ട ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. ഒന്‍പത് ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ആറ് മരണമാണ് ഉണ്ടായത്. അതിന് ഡിഎഫ്ഒ ഓഫീസില്‍ ഒരു പ്രതിഷേധം നടത്തിയതാണ് നടക്കട്ടെ – അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും അറിവോടും നിര്‍ദേശത്തോടെയുമാണ് തീരുമാനം. പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൊലീസ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. PATHRAM ONLINE
പിണറായിക്ക് അധികാരത്തിന്റെ ജ്വരം മൂത്തിരിക്കുകയാണ്. അധികാരം അഹങ്കാരമായി മാറുകയാണെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. ദാവിദ് ഇബ്രാഹിമിനെയും വീരപ്പന്റെയും ഒക്കെ ഗണത്തില്‍ തന്നെയും പെടുത്തിയിട്ടുണ്ടാകുമെന്ന് അന്‍വര്‍ പറയുന്നു. ഞാന്‍ ഇവിടെ ചെയ്തത് എന്താണ്. പൊലീസിലെ വര്‍ഗീയതയെ കുറിച്ച് പറഞ്ഞു. മലപ്പുറം ജില്ലയിലെ ഒരു കമ്യൂണിറ്റിയെ ലക്ഷ്യം വച്ചുകൊണ്ട് അജിത് കുമാറും സുജിത് ദാസും നടത്തിയ തോന്ന്യവാസം പറഞ്ഞു. പൊലീസുമായി ബന്ധപ്പെട്ട അനീതികള്‍ പറഞ്ഞതാണ് ഒന്നാമത്തെ തെറ്റ്. മലയോര മേഖലയിലെ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത വിധമുള്ള നിയമ ഭേതഗതികള്‍ നിയമസഭയില്‍ കൊണ്ടു വരുമ്പോള്‍ അത് ശരിയല്ലെന്ന് പറഞ്ഞതാണ് രണ്ടാമത്തെ തെറ്റ് അന്‍വര്‍ പറഞ്ഞു. PATHRAM ONLINE