തിരുവനന്തപുരം: അനുവാദം ചോദിച്ചല്ല സുരേന്ദ്രന്‍ വീട്ടിലെത്തിയതെന്നും ആരോപണങ്ങള്‍ വി.എസ്. സുനില്‍ കുമാര്‍ തെളിയിക്കണമെന്നും തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്. കേക്ക് വാങ്ങിയതില്‍ രാഷ്ട്രീയമില്ല. വന്നവര്‍ക്കു രാഷ്ട്രീയമുണ്ടോയെന്ന് അവരോടു ചോദിക്കണം. ക്രിസ്തുവിനെ വരവേല്‍ക്കാന്‍ കുടുംബത്തോടൊപ്പം കാത്തിരിക്കുമ്പോഴാണു സുരേന്ദ്രന്‍ എത്തിയത്. കേക്ക് ആരു കൊണ്ടുവന്നാലും സ്വീകരിക്കും. കേക്കുമായി വീട്ടിലെത്തിയാല്‍ കയറരുതെന്നു പറയാനാകില്ല. ആരോപണം പുതിയതല്ലെന്നും വര്‍ഗീസ് പറഞ്ഞു.
സുനില്‍ കുമാറിന് ഇത്ര -സ്‌നേഹം- എന്താണെന്നു മനസിലാകുന്നില്ല. ആരോപണങ്ങള്‍ തെളിയിക്കണം. താന്‍ ഇടതുപക്ഷത്തിനൊപ്പം നടക്കുന്ന വ്യക്തിയാണ്. ഇടതുപക്ഷത്തിന്റെ പദ്ധതികളാണു നടപ്പാക്കുന്നത്. നേരത്തേയുണ്ടായിരുന്ന തൃശൂരല്ല ഇപ്പോള്‍. മാറ്റങ്ങള്‍ നിങ്ങള്‍ക്കുതന്നെ കാണാം. ഇനിയും ജനങ്ങള്‍ക്കൊപ്പം നിന്നും പ്രവര്‍ത്തിക്കും. ഇത്തരം ബാലിശമായ ആരോപണങ്ങള്‍ക്കു പിന്നാലെ പോകാന്‍ സമയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും കേക്കു നല്‍കുന്നയാളാണു ഞാന്‍. കോര്‍പറേഷനിലെ ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും താന്‍ കേക്കു നല്‍കി. സുനില്‍കുമാര്‍ എംപിയായിരുന്നെങ്കില്‍ ബിജെപി കേക്ക് നല്‍കിയാല്‍ സ്വീകരിക്കുമായിരുന്നില്ലേ? സുനില്‍ കുമാറിനു ചുതമലകളില്ല. എന്തും പറയാന്‍. ഞാന്‍ ചട്ടക്കൂടിനുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ്. തെരഞ്ഞെടുപ്പ് സമയത്തു സുരേഷ് ഗോപിക്കു ചായ കൊടുത്തതു തെറ്റാണോ? സുനില്‍ കുമാര്‍ എന്റെയടുത്തു വന്നിട്ടില്ല. ആകെ വന്നതു സുരേഷ് ഗോപിയാണെന്നും മേയര്‍ വ്യക്തമാക്കി.
മേയര്‍ക്കു ചാഞ്ചാട്ടമുള്ളതായി
തോന്നിയിട്ടില്ല: വര്‍ഗീസ് കണ്ടംകുളത്തി
തൃശൂര്‍: മേയര്‍ക്കു ചാഞ്ചാട്ടമുള്ളതായി തോന്നിയിട്ടില്ലെന്നു സിപിഐ നേതാവും കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ വര്‍ഗീസ് കണ്ടംകുളത്തി. മേയറെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹ്തതിനു ചാഞ്ചാട്ടമുള്ളതായി തോന്നിയിട്ടില്ല. ബിജെപിയുടേതു വിഭജനത്തിന്റെ തന്ത്രമാണ്. അതവര്‍ പയറ്റുമെന്നും കണ്ടംകുളത്തി പറഞ്ഞു.