മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയായ യുവതിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ആംബുലൻസിന് തീപിടിച്ചു. ആംബുലൻസിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ജൽഗാവ് ജില്ലയിലാണ് സംഭവം. അപകടത്തിൽ നിന്ന് ഗർഭിണിയായ യുവതിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപെട്ടു.
ഡോക്റ്ററുടെ നിർദ്ദേശപ്രകാരം യുവതിയെ എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദാദാ വാദി മേഖലയിലെ ദേശീയ പാതയിലെ മേൽപ്പാലത്തിലാണ് സംഭവം.
ആംബുലൻസിന്റെ എഞ്ചിനാണ് ആദ്യം തീപിടിച്ചത്. തീ കണ്ടയുടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി ഗർഭിണിയായ യുവതിയെയും കൂടെയുണ്ടായിരുന്ന രണ്ടു ബന്ധുക്കളേയും പുറത്തിറക്കി. തുടർന്ന് ഇവരെ സുരക്ഷിതമായ ദൂരത്തേക്ക് മാറ്റി നിർത്തി.
നിമിഷങ്ങൾക്കുള്ളിൽ തന്നെ വാഹനം പൂർണമായി കത്തിയെരിയുകയും സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ചില വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. വാഹനത്തിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Watch: A fire broke out in an ambulance carrying a pregnant woman in Jalgaon, Maharashtra. The fire caused an oxygen cylinder inside the ambulance to explode. The blast shattered windows of nearby houses in the Dadvadi area pic.twitter.com/uMBfhC8Tj1
— IANS (@ians_india) November 14, 2024