സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം നിർത്തലാക്കി കാനഡ; പുതിയ നിയമം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് തിരിച്ചടി

ന്യൂഡൽഹി: രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) കാനഡ നിർത്തലാക്കി. ഇന്ത്യ, ബ്രസീൽ, ചൈന. കൊളംബിയ, കോസ്റ്ററീക്ക, മൊറോക്കോ, പാക്കിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്. ഇതോടെ കാനഡയ്ക്ക് പോകാനായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഇരുട്ടടിയായി.

എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരവും സുതാര്യതയും ഉറപ്പാക്കുന്നതിനും പദ്ധതിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുമാണ് എസ്ഡിഎസ് നിർത്തലാക്കുന്നതെന്നാണ് കനേഡിയൻ സർക്കാർ പറയുന്നത്. വെള്ളിയാഴ്ച കനേഡിയൻ സമയം ഉച്ചയ്ക്ക് 2 വരെ ലഭിച്ച അപേക്ഷകൾ മാത്രമേ എസ്ഡിഎസ് പദ്ധതി പ്രകാരം പരിഗണിക്കൂവെന്ന് വെബ്സൈറ്റിൽ പറയുന്നു.

ഇതോടെ ശേഷിക്കുന്ന അപേക്ഷകരും ഇനി അപേക്ഷിക്കുന്ന വിദ്യാർഥികളും സാധാരണ സ്റ്റുഡന്റ് പെർമിറ്റ് നടപടികൾ സ്വീകരിക്കേണ്ടി വരും. മാത്രമല്ല ഇതിനു കാലതാമസവുമെടുക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7