പാലക്കാട്: പരസ്പരം കൈകൊടുക്കാനും വിളിച്ചാൽ തിരിഞ്ഞുപോലും നോക്കാതെയും പാലക്കാട്ടെ സ്ഥാനാർഥികൾ. പാലക്കാട്ടെ ബിജെപി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിലായിുരുന്നു സംഭവം. സരിൻ പേര് വിളിച്ചിട്ടും രാഹുൽ കൈകൊടുക്കാതെ പോകുകയായിരുന്നു. അതേസമയം, രാഹുലും ഷാഫി പറമ്പിലും മുൻ കോൺഗ്രസ് നേതാവ് എവി ഗോപിനാഥിന് ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തു.
അതോടൊപ്പം ‘ഞാനിപ്പുറത്തുണ്ട്’ എന്ന് പറഞ്ഞ പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാർഥി സരിനും’എപ്പോഴും അപ്പുറത്ത് തന്നെ ഉണ്ടാകണം’ എന്ന് മറുപടി നൽകിയ ഷാഫി പറമ്പിൽ എംപിയും തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സരിനെതിരേ പരിഹാസവുമായി യുഡിഎഫും ഷാഫി പറമ്പിലിന്റെ പ്രവൃത്തിയിൽ വിമർശനവുമായി എൽഡിഎഫ് കേന്ദ്രങ്ങളും രംഗത്തെത്തി.
കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ വിമർശനമുന്നയിച്ചു കൊണ്ടായിരുന്നു കോൺഗ്രസ് മീഡിയ വിങ് കൺവീനർ ആയിരുന്ന പി. സരിൻ പാർട്ടി വിട്ടത്. ശേഷം പാലക്കാട് മണ്ഡലത്തിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിവരുമായി പി സരിൻ നേർക്കു നേർ വന്നത് ഇന്നായിരുന്നു.
സരിൻ പലതവണ രാഹുലിന്റെ പേര് വിളിക്കുന്നതും വീഡിയോയിൽ കാണാം. കൂടെ ഉണ്ടായിരുന്ന ഷാഫിയോട് താൻ ഇപ്പുറത്തുണ്ട് എന്ന് പറയുമ്പോൾ ആ അപ്പുറത്ത് തന്നെ ഉണ്ടാകണം എന്ന് പറഞ്ഞ് മുഖം തിരിച്ചു പോകുന്ന ഷാഫിയേയും ദൃശ്യങ്ങളിൽ കാണാം.
എന്നാൽ സംഭവത്തെ പരിഹസിച്ചു കൊണ്ട് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത് ജോജുവിന്റെ തഗ് ഡയലോഗിന് ശേഷം മറ്റൊന്ന് എന്നായിരുന്നു.
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇക്കഴിഞ്ഞ ദിവസം റിവ്യൂവർ ആദർശ് സംവിധായകൻ ജോജുവിനോട് പറഞ്ഞ തഗ് ഡയലോഗിന് ശേഷം ഇന്നിതാ മറ്റൊന്ന്.
‘ഷാഫീ.. ഷാഫീ.. ഞാനിപ്പുറത്ത് ഉണ്ട്.’
ഷാഫി: ‘ആ എപ്പോഴും അപ്പുറത്ത് തന്നെ ഉണ്ടാവണം’
എജ്ജാതി ടൈമിംഗ് – എന്നായിരുന്നു വി.ടി. ബൽറാമിന്റെ പോസ്റ്റ്.
അതേസമയം ഇടത് സ്ഥാനാർഥി ഡോ.പി. സരിനുനേരെ മുഖം കൊടുക്കാതിരുന്ന യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന്റേയും ഷാഫി പറമ്പിൽ എംപിയുടേയും നടപടിയെ വിമർശിച്ച് മന്ത്രി എംബി രാജേഷ് രംഗത്തെത്തി. പരസ്പരം എതിർ സ്ഥാനാർഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാൽ മിണ്ടാത്ത ശത്രുതയാകുമോ എന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു. എതിർ സ്ഥാനാർഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്‌കാരം നിന്ദ്യമാണ്. സരിൻ ചെയ്തത് ശരിയായ നടപടിയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.