ഇതുവരെ കാണാത്ത ദുരന്തത്തിനു സാക്ഷ്യം വഹിച്ച് യൂറോപ്പ്; സ്പെയിനിൽ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും 214 മരണം

വലെന്‍സിയ: ഇന്നുവരെ കാണാത്ത ദുരന്തത്തിന് സാക്ഷ്യം വഹിച്ച് യൂറോപ്പ്. സ്‌പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി. ദുരന്തത്തിൽ ഇനിയും ഒട്ടേറെ പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് പറഞ്ഞു. 2,500 സൈനികരെ ഇതിനോടകം വിന്യസിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

അതിതീവ്രമായ ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്‌പെയിനിലുണ്ടാകുന്നത്. ബാലിയാറിക് ദ്വീപ്, കാറ്റലോണിയ, വലെന്‍സിയ എന്നിവിടങ്ങളില്‍ ഈ ആഴ്ച അവസാനംവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

പ്രളയത്തെ തുടര്‍ന്ന് കാറുകള്‍, പാലങ്ങള്‍, മരങ്ങള്‍ തുടങ്ങിയവ ഒഴുകിപ്പോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലരുടേയും വീടുകളിലേക്ക് വെള്ളം അടിച്ചുകയറുന്ന ദൃശ്യങ്ങളും കാണാം.

വീടുകൾക്കും സ്ഥാനപങ്ങൾക്കും മുന്നിൽ പാർക്ക് ചെയ്തിട്ടിരുന്ന നൂറുകണക്കിന് കാറുകളാണ് വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയത്. കാറുകള്‍ വെള്ളത്തിലൂടെ ഒഴുകുന്ന ദൃശ്യങ്ങളാല്‍ സാമൂഹികമാധ്യമങ്ങളും നിറഞ്ഞുകഴിഞ്ഞു. ആയിരക്കണക്കിനാളുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും പ്രയാസം നേരിടുന്നുണ്ട്.

യൂറോപ്പിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഏറ്റവും വലിയ പ്രളയം രേഖപ്പെടുത്തുന്നത് 1967-ലാണ്. അന്ന് അഞ്ഞൂറോളം ആളുകളാണ് പോര്‍ച്ചുഗലില്‍ മരണപ്പെട്ടത്. 1970-ല്‍ 209 പേര്‍ റൊമേനിയയിലും 2021-ല്‍ ജര്‍മനിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 185 പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7