സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത് എങ്ങനെ ?

കൊച്ചി: ഓരോ ദിവസവും അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടാകുന്ന മാറ്റത്തിന് അനുസരിച്ചാണ് സംസ്ഥാനത്തും സ്വർണ്ണവില നിശ്ചയിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് സംസ്ഥാനത്ത് എത്രത്തോളം വില കൂട്ടണം അല്ലെങ്കിൽ കുറയ്ക്കണം എന്നുള്ളത് തീരുമാനിക്കുന്നത് ആരാണ്, എങ്ങനെയാണ് എന്നീ കാര്യങ്ങൾ വിവരിക്കുകയാണ് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ.

സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്ന രൂപരേഖ.

ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്,
അന്താരാഷ്ട്ര വിലയ്ക്കനുസൃതമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണ്ണത്തിൻറെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബൈയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണ്ണവില രാവിലെ 9.30ന് മുമ്പായി നിശ്ചയിക്കുന്നത്.

മൂന്നംഗ കമ്മിറ്റി

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള പ്രസിഡൻറ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവരടങ്ങിയ മൂന്ന് അംഗ കമ്മിറ്റിയാണ് വില നിശ്ചയിക്കുന്നത്.
AKGSMA ദിവസേന നിശ്ചയിക്കുന്ന വിലയാണ് കേരളത്തിലെ എല്ലാ സ്വർണ വ്യാപാരികളും പിന്തുടരുന്നത്. കേരളത്തിൽ നിന്നുള്ള കോർപ്പറേറ്റകൾ ഇന്ത്യ ഒട്ടാകെ പിന്തുടരുന്നതും ഈ വില തന്നെയാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും എ കെ ജി എസ് എം എ ഇടുന്ന വിലയെ ചുവടുപിടിച്ചാണ് അവിടങ്ങളിലെ അസോസിയേഷനുകൾ ദിവസേന നിശ്ചയിക്കുന്നത്. മാർജിൻ പ്രോഫിറ്റ് ഏറ്റവും കുറച്ചാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത് എന്നതിനാൽ ഈ വിലയെത്തന്നെ പിന്തുടരാൻ ആണ് മിക്കവാറും എല്ലാ സംസ്ഥാനത്തെയും അസോസിയേഷനുകൾ തയ്യാറാകുന്നത്.

ഇന്നത്തെ വില നിശ്ചയിച്ചത് ഇങ്ങനെ

ഇന്ന് രാവിലെ വില നിശ്ചയിക്കുമ്പോൾ 24 കാരറ്റിന്റെ സ്വർണ വില GST അടക്കം ഒരു ഗ്രാമിന് 7310 രൂപയായിരുന്നു.
അതനുസരിച്ച് GST ഇല്ലാതെയുള്ള വിലയായ 7097.09 ×.92÷.995=6562. 6565( റൗണ്ട് ചെയ്യുന്നു) ഓരോ ദിവസത്തെയും ഡിമാൻഡ് അനുസരിച്ചാണ് പ്രോഫിറ്റ് മാർജിൻ ഇടുന്നത്. ചില സമയങ്ങളിൽ പ്രോഫിറ്റ് ഇല്ലാതെയും ദിവസേനയുള്ള ബോർഡ്റേറ്റ് ഫിക്സ് ചെയ്യാറുണ്ട്. വിൽക്കുമ്പോൾ മൂന്ന് ശതമാനം ജിഎസ്ടി ഈടാക്കുന്നു.

ഇന്ന് പവന് വില
സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില പുതിയ റെക്കോർഡ് സൃഷ്ടിച്ചു.
സ്വർണ്ണവില ഇന്ന് ഗ്രാമിന് 30 രൂപയും, പവന് 240 രൂപയും വർദ്ധിച്ചു യഥാക്രമം 6565 രൂപയും, 52520 രൂപയുമായി. അമേരിക്കൻ വിപണി ശനിയാഴ്ച ക്ലോസ് ചെയ്ത് 2303 ഡോളർ വരെ കുറഞ്ഞിരുന്നു. ഇന്ന് രാവിലെ റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് സ്വർണ്ണവില അന്താരാഷ്ട്ര തലത്തിൽ 2353 ഡോളർ വരെ എത്തി. അതിനെ ചൂവടുപിടിച്ചാണ് ഇന്ന് വിലവർധനവ് ഉണ്ടായിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular