സിദ്ധാർത്ഥിന് നേരിടേണ്ടിവന്ന കൊടുംക്രൂരതകൾ വിവരിച്ച് അന്വേഷണ റിപ്പോർട്ട്

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥനു നേരിടേണ്ടിവന്ന പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ആന്റി റാഗിങ് സ്ക്വാഡിന്റെ അന്വേഷണ റിപ്പോർട്ടിൽ. കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണു സിദ്ധാർഥനോട് ഒരുസംഘം വിദ്യാർഥികൾ കാണിച്ചതെന്ന് സ്ക്വാ‍ഡ് അംഗങ്ങളായ അധ്യാപകർ പറയുന്നു. ഹോസ്റ്റലിലെ 98 വിദ്യാർഥികളിൽനിന്നു മൊഴിയെടുത്താണു റിപ്പോർട്ട് തയാറാക്കിയത്.

നഗ്നനാക്കി ഇരുത്തി പരസ്യവിചാരണ

ഹോസ്റ്റലിന്റെ നടുമുറ്റത്ത് സിദ്ധാർഥനെ നഗ്നനാക്കി ഇരുത്തി പരസ്യവിചാരണ നടത്തിയ അക്രമികൾ, തങ്ങളുടെ ക്രൂരതകൾക്കു സാക്ഷിയാകാൻ ഹോസ്റ്റലിലെ മുഴുവൻ അന്തേവാസികളെയും വിളിച്ചുവരുത്തിയിരുന്നു. മുറികളിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ വരെ വിളിച്ചുവരുത്തി അവരെക്കൊണ്ടും സിദ്ധാർഥനെ അടിപ്പിച്ചു. അടിക്കാൻ മടിച്ചവരെ ഭീഷണിപ്പെടുത്തി. ചിലർ സിദ്ധാർഥനെ അടിച്ചശേഷം കര‍ഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്.

21–ാം നമ്പർ മുറി
നടുമുറ്റത്തു മാത്രമല്ല, ഹോസ്റ്റലിലെ 21–ാം നമ്പർ മുറി, വാട്ടർടാങ്കിന്റെ പരിസരം, ക്യാംപസിലെ കുന്ന് എന്നിവിടങ്ങളിലും സിദ്ധാർഥനെ എത്തിച്ച് ബെൽറ്റുകൊണ്ടു മർദിച്ചു. പലതവണ ചവിട്ടിത്താഴെയിട്ടു. മുടിയിൽ പിടിച്ചുവലിച്ചു. കവിളത്തു പലതവണ അടിക്കുകയും വയറ്റിലും നെഞ്ചത്തും ആഞ്ഞു തൊഴിക്കുകയും ചെയ്തു. നിലത്തെ അഴുക്കുവെള്ളം തുടപ്പിച്ചു. ഭക്ഷണമോ വെള്ളമോ നൽകാതെയാണു 3 ദിവസം തുടർച്ചയായി സിദ്ധാർഥനെ പീഡിപ്പിച്ചതെന്നും ഹോസ്റ്റൽ അന്തേവാസികൾ മൊഴി നൽകി.

പെൺകുട്ടികളടക്കമുള്ളവർ തളർന്നു

സിദ്ധാർഥന്റെ ദാരുണമരണം ക്യാംപസിനെയാകെ ഉലച്ചിരിക്കുകയാണ്. പെൺകുട്ടികളടക്കമുള്ളവർ മാനസികമായി തളർന്നു. വിദ്യാർഥികൾക്കു കൗൺസലിങ് നൽകാനാണു സർവകലാശാല അധികൃതരുടെ തീരുമാനം.

.
.

.
.


.
.

Similar Articles

Comments

Advertismentspot_img

Most Popular