പ്രതി മിന്നൽ മുരളി… പഞ്ചലോഹ വിഗ്രഹം മോഷണ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്..

മലപ്പുറം: കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ച ലോഹ വിഗ്രഹം മോഷണം പോയി. മോഷ്ടാവ് വിഗ്രഹം മോഷ്ടിച്ച ശേഷം ചുമരില്‍ മിന്നല്‍ മുരളി എന്നെഴുതിയാണ് സ്ഥലം വിട്ടത്. മൂടേപ്പുറത്ത് മുത്തന്‍ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്ത മഞ്ചേരി പോലീസ് അന്വേഷണം മിന്നൽ മുരളി ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ്.

ഇന്നലെ രാവിലെയാണ് മൂടേപ്പുറത്ത് മുത്തന്‍ ക്ഷേത്രത്തിൽ മോഷണം നടന്നത് വ്യക്തമായത്. ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെത്തിയ പരികര്‍മിയാണ് ക്ഷേത്രത്തിന്‍റെ വാതിലുകള്‍ തുറന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രധാന ശ്രീകോവിലിലെ പഞ്ച ലോഹ വിഗ്രഹം മോഷ്ടിച്ചതായി കണ്ടെത്തി. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളിലും മോഷ്ടാവ് കയറി. ഇവിടെ മോഷണം നടത്തിയില്ലെങ്കിലും പൂജക്കുപയോഗിക്കുന്ന നെയ്യുപയോഗിച്ച് ചുമരില്‍ മിന്നല്‍ മുരളി എന്നെഴുതി. ഇതിന് ശേഷമാണ് കള്ളന്‍ സ്ഥലം വിട്ടത്.

നഷ്ടപ്പെട്ട പഞ്ച ലോഹ വിഗ്രത്തിന് ഒരു ലക്ഷം രൂപയോളം വില വരുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ശ്രീകോവിലിനുള്ളിലെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടില്ല. വിരലടയാള വിദഗ്ധരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേരി ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്

Similar Articles

Comments

Advertismentspot_img

Most Popular