നിയമസഭാ തിരഞ്ഞെടുപ്പ് ; അഞ്ചില്‍ മൂന്നെണ്ണം കോണ്‍ഗ്രിസിന് ; 200 നിയമസഭാ സീറ്റുകളില്‍ 127 മുതല്‍ 137 സീറ്റുകള്‍ വരെ ബി.ജെ.പിയ്ക്ക് ലഭിക്കുമെന്നും പ്രവചനം

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എബിപി – സിവോട്ടര്‍ അഭിപ്രായ സര്‍വേ ഫലം. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്. രാജസ്ഥാന്‍ ബിജെപി തിരിച്ചിപിടിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

മിസോറമില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും സര്‍വേ പ്രവചിക്കുന്നു.

രാജസ്ഥാനില്‍ ബി.ജെ.പി മുന്നേറ്റമാണ് സര്‍വേ പ്രവചിക്കുന്നത്. 200 നിയമസഭാ സീറ്റുകളില്‍ ബി.ജെ.പി 127 മുതല്‍ 137 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് ആവശ്യമായ കേവല ഭൂരിപക്ഷം 101 സീറ്റുകളാണ്. കോണ്‍ഗ്രസ് 59 മുതല്‍ 69 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവര്‍ ആറ് സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പ്രവചനം.

എബിപി ന്യൂസും സിവോട്ടറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയില്‍ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. 230 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് 113 മുതല്‍ 125 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം, ബി.ജെ.പിക്ക് 104 മുതല്‍ 116 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. ബി.എസ്.പിക്ക് രണ്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും മറ്റുള്ള പാര്‍ട്ടികള്‍ മൂന്ന് സീറ്റുകള്‍ സ്വന്തമാക്കിയേക്കാമെന്നും സര്‍വേ സൂചിപ്പിക്കുന്നു.

തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം. നിലവിലെ ഭരണകക്ഷിയായ ഭാതര് രാഷ്ട്ര സമിതി (ബിആര്‍എസ്) യും കോണ്‍ഗ്രസും തമ്മില്‍ കനത്ത മത്സരമാകും തെലങ്കാനയില്‍ നടക്കുക. കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റുകള്‍വരെ നേടും. ബിആര്‍എസ്സിന് 43 മുതല്‍ 55 സീറ്റുകള്‍വരെ മാത്രമെ നേടാന്‍ കഴിയൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചാല്‍പ്പോലും ബിജെപിക്ക് 5 മുതല്‍ 11 വരെ സീറ്റുകള്‍വരെ മാത്രമെ ലഭിക്കൂവെന്നും സര്‍വേ പ്രവചിക്കുന്നു.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തുടരുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം മത്സരം കടുക്കും. ആകെയുള്ള 90 സീറ്റുകളില്‍ 39 മുതല്‍ 45 വരെയാണ് ബി.ജെ.പി.ക്കുള്ള സാധ്യത. 45 മുതല്‍ 51 വരെ സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. മറ്റു പാര്‍ട്ടികള്‍ക്ക് പരമാവധി രണ്ട് സീറ്റുകള്‍ വരെ ലഭിക്കും. നവംബര്‍ ഏഴ്, 17 തീയതികളില്‍ രണ്ട് ഘട്ടങ്ങളായാണ് ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ്.

മിസോറാമില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് അഭിപ്രായവോട്ടെടുപ്പ് ഫലം. നവംബര്‍ ഏഴിന് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയകക്ഷിയ്ക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് എബിപി-സി വോട്ടര്‍ ഒപീനിയന്‍ പോള്‍സ് 2023 നല്‍കുന്ന സൂചന. പ്രധാന രാഷ്ട്രീയകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് (എംഎന്‍എഫ്) 13-17 വരെയും ഇന്ത്യന്‍ നാാഷണല്‍ കോണ്‍ഗ്രസിന് (ഐഎന്‍സി) 10 മുതല്‍ 14 വരെയും സോറം പീപ്പിള്‍സ് മൂവ്‌മെന്റിന് (സെഡ്പിഎം) 9 മുതല്‍ 13 വരെയും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വരെയും സീറ്റുകള്‍ ലഭിക്കാമെന്നാണ് എബിപിയുടെ അഭിപ്രായ വോട്ടെടുപ്പ് പറയുന്നത്. ആകെയുള്ള 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ എംഎന്‍സിയാണ് അധികാരത്തിലുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular