പലിശ ഭാരം കൂടുമോ..? ആർബിഐ തീരുമാനം എന്താകും..?

മുംബൈ: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ദ്വൈമാസ പണനയ അവലോകന യോഗത്തിൽ ഇത്തവണയും പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. തുടർച്ചയായ മൂന്ന് തവണയും പലിശ നിരക്ക് മാറ്റിയിരുന്നില്ല. റീട്ടെയിൽ പണപ്പെരുപ്പം കൂടി നിൽക്കുകയും യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർന്ന നിലയിൽ തുടരാൻ തീരുമാനിക്കുകയും ചെയ്ത സാഹചര്യം കണക്കാക്കിയാണ് വിലയിരുത്തൽ. ഒക്ടോബർ 4മുതൽ 6 വരെയാണ് റിസർവ് ബാങ്ക് ഗവർണറുടെ നേതൃത്വത്തിലുള്ള ആറംഗ മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി) ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

നാണയപ്പെരുപ്പം ഇപ്പോഴും ഉയർന്നതും പണലഭ്യത കുറയുകയും ചെയ്യുന്നതിനായ ഇത്തവണ തത്‌സ്ഥിതി നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നുതായി ബാങ്ക് ഒഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്‌നാവിസ് പറഞ്ഞു. കലണ്ടർ വർഷത്തിൽ നിലവിലെ സ്ഥിതി നിലനിൽക്കുമെന്നും അദ്ദേഹം വിലയിരുത്തി. ഉപഭോക്തൃ വില സൂചിക (സി.പി.ഐ) അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം ജൂലായിലെ 7.44 ശതമാനത്തിൽ നിന്ന് ആഗസ്റ്റിൽ 6.83 ശതമാനമായി കുറഞ്ഞെങ്കിലും, റിസർവ് ബാങ്കിന്റെ കംഫർട്ട് ലെവലായ 6 ശതമാനത്തിന് മുകളിൽ തുടരുകയാണ്.

പണപ്പെരുപ്പം 2023 ആഗസ്റ്റിലെ 6.8 ശതമാനത്തിൽ നിന്ന് 2023 സെപ്തംബറിൽ 5.3-5.5 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.സി.ആർഎ ലിമിറ്റഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായർ പറഞ്ഞു. വളർച്ച വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് സെൻട്രൽ ബാങ്ക് ആലോചിക്കേണ്ട സമയമാണിതെന്ന് മെഡിക്കൽ ടെക്നോളജി അസോസിയേഷൻ ഒഫ് ഇന്ത്യ (എം.ടി.എ.ഐ) ഡയറക്ടർ സഞ്ജയ് ഭൂട്ടാനി പറഞ്ഞു.

2023 ഫെബ്രുവരി 8 ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർത്തിയിരുന്നു, അതിനുശേഷം ഉയർന്ന റീട്ടെയിൽ പണപ്പെരുപ്പവും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലക്കയറ്റം ഉൾപ്പെടെയുള്ള ചില ആഗോള ഘടകങ്ങളും കണക്കിലെടുത്ത് നിരക്കുകൾ അതേ നിലയിൽ നിലനിർത്തുകയാണ് ഉണ്ടായത്. റിസർവ് ബാങ്ക് ദ്വൈമാസ പണ നയത്തിൽ പ്രധാനമായും സി.പി.ഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പമാണ് വിലയിരത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular