സ്‌പെയിനും ജര്‍മനിയും ബെല്‍ജിയവും ക്രൊയേഷ്യയും ഇന്ന് കളത്തില്‍

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ വമ്പന്‍ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങുന്നു. മുന്‍ചാമ്പ്യന്മാരായ ജര്‍മനി, സ്‌പെയിന്‍, കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ബെല്‍ജിയം ടീമുകളാണ് ബുധനാഴ്ച ആദ്യ മത്സരങ്ങള്‍ക്കിറങ്ങുന്നത്.

മൊറോക്കോ-ക്രൊയേഷ്യ വൈകീട്ട് 3.30

2018 ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യക്ക് ആഫ്രിക്കന്‍ ശക്തികളായ മൊറോക്കയാണ് എതിരാളി. മത്സരം ഉച്ചയ്ക്ക് 3.30-ന്. കഴിഞ്ഞകുറി നടത്തിയ അപ്രതീക്ഷിത കുതിപ്പിന്റെ തുടര്‍ച്ചയാണ് ടീം ലക്ഷ്യമിടുന്നത്. നായകനും പ്ലേമേക്കറുമായ ലൂക്ക മോഡ്രിച്ചിലാണ് പ്രതീക്ഷ. മുന്നേറ്റത്തില്‍ ക്ലിനിക്കല്‍ ഫിനിഷറുടെ കുറവ് ടീമിനുണ്ട്.

ജര്‍മനി-ജപ്പാന്‍ വൈകീട്ട് 6.30

സമീപകാലത്ത് ജര്‍മനിയുടെ പ്രകടനം അത്ര മികച്ചതല്ല. എന്നാല്‍, ലോകകകപ്പ് പോലെയുള്ള വലിയവേദികളില്‍ സ്ഥിരതയോടെ കളിക്കാന്‍ അവര്‍ക്ക് കഴിയാറുണ്ട്. ഖത്തര്‍ ലോകകപ്പില്‍ ആദ്യകളിക്കിറങ്ങുമ്പോള്‍ എതിരാളി ജപ്പാനാണ്. വൈകീട്ട് 6.30-നാണ് മത്സരം. അവസാനം കളിച്ച ആറു കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജര്‍മനി ജയിച്ചത്. യുവതാരങ്ങളായ ജമാല്‍ മുസിയാള, സെര്‍ജി നാബ്രി, ലിറോയ് സാനെ എന്നിവരുടെ ഫോം നിര്‍ണായകമാകും. 4-2-3-1 ശൈലിയിലാകും ഹാന്‍സ് ഫ്ളിക്ക് ജര്‍മനിയെ കളിപ്പിക്കുന്നത്. തോമസ് മുള്ളറെ ഏക സ്ട്രൈക്കറുടെ റോളില്‍ കളിപ്പിക്കാനും സാധ്യതയുണ്ട്. നാബ്രിയും സാനെയും വിങ്ങുകളില്‍ വരും. മുസിയാള അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളിലാകും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ജോഷ്വ കിമ്മിച്ച്, ലിയോണ്‍ ഗൊരെറ്റ്സ്‌ക എന്നിവരാകും.

സ്‌പെയിന്‍-കോസ്റ്ററീക്ക രാത്രി 9.30

യുവതാരങ്ങളുടെ കരുത്തില്‍വരുന്ന സ്‌പെയിനിന് കോസ്റ്ററീക്കയാണ് എതിരാളി. മത്സരം രാത്രി 9.30-ന്. പെഡ്രിയും ഗവിയും ബുസ്‌കെറ്റ്സും കളിക്കുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്. 4-3-3 ശൈലിയിലാണ് ലൂയി എന്റീക്കെ ടീമിനെ ഇറക്കുന്നത്. പൊസഷന്‍ ഫുട്ബോളിന്റെ വക്താക്കളാണ് ടീം. അല്‍വാരോ മൊറാട്ട, ഫെറാന്‍ ടോറസ്, നിക്കോ വില്യംസ് ത്രയത്തിന് അത് മറികടക്കാന്‍ കഴിഞ്ഞാല്‍ ടീമിന് മികച്ച തുടക്കം ലഭിക്കും. കോസ്റ്ററീക്കയും 4-3-3 ശൈലിയില്‍ കളിക്കുന്ന ടീമാണ്.

ബെല്‍ജിയം-കാനഡ രാത്രി 12.30

ബെല്‍ജിയത്തിന്റെ സുവര്‍ണനിരയ്ക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് ഇത്തവണത്തേത്. ആദ്യകളിയില്‍ കാനഡയ്‌ക്കെതിരേ മികച്ച ജയത്തോടെ തുടക്കമിടാനാണ് ടീമിന്റെ ശ്രമം. രാത്രി 12.30-നാണ് മത്സരം. താരസമ്പന്നമാണ് ബെല്‍ജിയം. 3-4-2-1 ശൈലിയിലാണ് ടീം കളിക്കുക. പരിക്കേറ്റ റൊമേലു ലുക്കാക്കുവിന് പകരം മിച്ചി ബാത്സുവായ് ഏക സ്ട്രൈക്കറാകും. കെവിന്‍ ഡിബ്രുയ്നും ഇഡന്‍ ഹസാര്‍ഡും തൊട്ടുപിന്നില്‍ കളിക്കും. യാനിക് കറാസ്‌കോ, അക്സല്‍ വിറ്റ്സല്‍, യൂറി ടിലെമാന്‍സ്, തോമസ് മ്യൂനിര്‍ എന്നിവര്‍ മധ്യനിരയിലുണ്ടാകും.

Similar Articles

Comments

Advertismentspot_img

Most Popular