മെസ്സി ഖത്തര്‍ ലോകകപ്പ് ഇങ്ങെടുക്കുവാ….ടിന്‍പ്രതാപന്‍…കപ്പ് ബ്രസീലെടുക്കും പ്രതാപാ’ എന്ന് വിഡി സതീശന്‍

തിരുവനന്തപുരം : ലോകകപ്പ് നടക്കുന്നത് അങ്ങ് ഖത്തറിലാണെങ്കിലും ഇവിടെ കേരളത്തില്‍ ആവേശത്തിനൊട്ടും കുറവില്ല. ഫുട്‌ബോള്‍ പ്രേമത്തിന്റെ കാര്യമെടുത്താല്‍ രാഷ്ട്രീയ നേതാക്കളും പിന്നിലല്ല. ഇഷ്ട ടീമുകള്‍ക്കായി പക്ഷം പിടിച്ചുള്ള നേതാക്കളുടെ കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ‘ബ്രസീല്‍ .. ബ്രസീല്‍ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം’ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചു. ബ്രസീലിന്റെ ജഴ്‌സിയിലുള്ള ചിത്രത്തോടൊപ്പമാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

പിന്നാലെ, ടി.എന്‍.പ്രതാപന്റെ കമന്റെത്തി. സുരേഷ് ഗോപി സ്‌റ്റൈലില്‍ ‘കപ്പ് അര്‍ജന്റീനയ്ക്കുള്ളതാണ് സതീശാ… മെസ്സി ഖത്തര്‍ ലോകകപ്പ് ഇങ്ങെടുക്കുവാ… വാമോസ് അര്‍ജന്റീന’ എന്നാണ് അദ്ദേഹം കുറിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ സതീശന്‍ മറുപടി കുറിച്ചു. ‘ഇത് നമ്മുടെ രണ്ടു പേരുടെയും സ്‌നേഹിതന്‍ സുരേഷ് ഗോപി തൃശൂരിങ്ങെടുക്കുകയാ എന്ന് പറഞ്ഞത് പോലെയാണ്. തൃശൂര്‍ നിങ്ങളല്ലെ എടുത്തത്. അത് പോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ’ എന്ന് അദ്ദേഹം പറഞ്ഞു. ഇരുവരുടെയും പോസ്റ്റുകള്‍ക്കിടയില്‍ നിരവധിപ്പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

വി.ഡി.സതീശന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:

ബ്രസീല്‍ … ബ്രസീല്‍ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം. ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയന്‍ ഫുട്‌ബോളിനെ നിലനിര്‍ത്തുന്നത് . സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു. മഞ്ഞയും പച്ചയും നീലയും കലര്‍ന്ന ആ ജഴ്‌സി ഒരു അടയാളമാണ്. ബാല്യകൗമാര കാലഘട്ടം മുതല്‍ ആ ജഴ്‌സി എനിക്കൊരു വൈകാരികതയാണ് . എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസ്സില്‍ കൊണ്ട് നടന്നവരാണ്. അതുകൊണ്ട് തന്നെ ബ്രസീല്‍ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസ്സിലില്ല. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തര്‍. അവിടെ ലോകം ഒരു പന്തിന് ചുറ്റും ഓടി നടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കും.

Similar Articles

Comments

Advertismentspot_img

Most Popular