ഐ.എസ്.എൽ; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും ജയം

ഐ എസ് എൽ; വിജയം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. പൊരുതിക്കളിച്ച എഫ് സി ഗോവയിൽ നിന്നും വിജയം പിടിച്ച് വാങ്ങിയത് ഒന്നിനെതിരേ മൂന്ന് ഗോളിന്.

മഴ പെയ്ത് കുതിർന്ന കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരാധകരുടെ മനസ്സ് നിറച്ച് സൂപ്പർ താരം അഡ്രിയാൻ ലൂണയാണ് ബ്ളാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്.

മലയാളി താരം സഹൽ അബ്ദുൽ സമദിൻ്റെ പാസ്സിനെ മെല്ലെ വഴിതിരിച്ച് ഗോളിലേക്ക് വിടുകയായിരുന്നു ലൂണ.

മൂന്ന് മിനിറ്റിന് ശേഷം പെനാൽറ്റി ബോക്സിൽ, തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ദിമിത്രിയോസ് ഡയമെൻ്റകോസ് കാർപ്പറ്റ് ഷോട്ടിലൂടെ വലയിലാക്കി.

ഇടവേളയ്ക്ക് ശേഷം എഫ് സി ഗോവ തുടരെ ആക്രമണം അഴിച്ചു വിട്ടു. ഗോളി പ്രഭ്സുഖൻ ഗില്ലിൻ്റെ മികച്ച സേവുകൾ ബ്ളാസ്റ്റേഴ്സിന് തുണയായി.

അമ്പത്തി രണ്ടാം മിനിറ്റിൽ സൂപ്പർ താരം ഇവാൻ കല്യൂഷ്നിയുടെ ലോംഗ് റേഞ്ചർ ഗോവയുടെ വല തുളച്ചു.

സൂപ്പർ ഗോളോടെ കല്യൂഷ്നി ഈ സീസണിലെ ഗോള്‍ വേട്ടക്കാരില്‍ നാല് ഗോളോടെ മുന്നിലെത്തി.

66 -ാം മിനിറ്റില്‍ ഗോവയ്ക്കായി നോഹ് ആശ്വാസ ഗോള്‍ നേടി.

ഇരു ടീമും നിരന്തര ആക്രമണങ്ങള്‍ അഴിച്ചു വിട്ടെങ്കിലും ഗോള്‍ അകന്നു നിന്നു.

പലപ്പോഴും താരങ്ങള്‍ തമ്മില്‍ കളിക്കളത്തില്‍ തര്‍ക്കമുണ്ടായെങ്കിലും കളി കയ്യാങ്കളിയിലേക്ക് പോകാന്‍ റഫറി അനുവദിച്ചില്ല.

Similar Articles

Comments

Advertismentspot_img

Most Popular