യുവാവ് ട്രെയിനു മുന്നില്‍ തള്ളിയിട്ടുകൊന്ന വിദ്യാര്‍ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചെന്നൈ: യുവാവ് ഓടുന്ന തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ഥിനിയുടെ അച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ ആതംപക്കം സ്വദേശിയും ബി.ബി.എ. മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയുമായ എം. സത്യയെ സതീഷ് എന്ന ഇരുപത്തിമൂന്നുകാരന്‍ തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ടത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ സെയ്ന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ ആയിരുന്നു സംഭവം. സബര്‍ബന്‍ ട്രെയിനു മുന്നിലേക്കായിരുന്നു സത്യയെ സതീഷ് തള്ളിയിട്ടത്. മകളുടെ ദുരന്തവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ സത്യയുടെ അച്ഛന്‍ മാണിക്കത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സത്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍ പോയ സതീഷിനെ തൊരൈപക്കത്തില്‍നിന്നാണ് പോലീസ് പിടികൂടിയത്.

ടി നഗറിലെ സ്വകാര്യകോളേജില്‍ പോകാനായി ട്രെയിനിനുവേണ്ടി കാത്തിരിക്കയായിരുന്നു സത്യ. പ്രണയാഭ്യര്‍ഥനയുമായി ശല്യംചെയ്തിരുന്ന സതീഷും പിന്നാലെയെത്തി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെച്ചൊല്ലി ഇരുവരും തര്‍ക്കമായി. തുടര്‍ന്ന് സബര്‍ബന്‍ തീവണ്ടി സെയ്ന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലേക്കെത്തുമ്പോള്‍ സത്യയെ സതീഷ് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സത്യ സംഭവസ്ഥലത്ത് മരിച്ചു.

സതീഷിനെ സ്റ്റേഷനിലുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ പിടികൂടാന്‍ശ്രമിച്ചെങ്കിലും തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. സതീഷ് പ്രണയാര്‍ഭ്യര്‍ഥനയുമായി ശല്യം ചെയ്യുന്നുവെന്ന് സത്യ മൂന്നാഴ്ച മുമ്പ് മാമ്പലം പോലീസില്‍ പരാതി നല്‍കിയിരുന്നു. സതീഷ് ചെന്നൈ വിമാനത്താളത്തിലെ താത്കാലിക ജീവനക്കാരനാണ്.

Similar Articles

Comments

Advertismentspot_img

Most Popular