സ്വകാര്യഭാഗത്ത് കത്തി കയറ്റി; മാറിടം അറുത്തെടുത്തു സൂക്ഷിച്ചു, കഴുത്തറുത്തു കൊല ; പത്മയെ ഷാഫിയും റോസ്‌ലിയെ ലൈലയുമാണ് കൊലപ്പെടുത്തിയത്

കൊച്ചി: ഇലന്തൂരില്‍ കൊലപാതകങ്ങള്‍ നടത്തിയത് സാമ്പത്തിക ഉന്നതിക്കും, ഐശ്വര്യത്തിനും വേണ്ടിയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പത്മയെ ഷാഫിയും റോസ്‌ലിയെ ലൈലയുമാണ് കൊലപ്പെടുത്തിയത്. പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പത്മയെ കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക് കവറുകൊണ്ട് കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചു. സ്വകാര്യഭാഗത്ത് കത്തി കയറ്റുകയും തുടര്‍ന്ന് കഴുത്തറുക്കുകയുമായിരുന്നു. കൈകാലുകള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിനുറുക്കി. 56 കഷണങ്ങളാക്കി ബക്കറ്റുകളിലെടുത്ത് വീടിന്റെ പിന്നില്‍ കുഴിച്ചിട്ടു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ കുത്തി മുറിവേല്‍പ്പിച്ചെന്നും പൊലീസ് പറയുന്നു.

മൂന്നുപ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. വിഷാദരോഗിയെന്നും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും ലൈല കോടതിയില്‍ പറഞ്ഞു. ഷാഫിയെയും ഭഗവല്‍സിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്കും ലൈലയെ വനിതാ ജയിലിലേക്കും മാറ്റും. ഇവരുടെ കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് നല്‍കും.

തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചാണ് പ്രതികളെ രാവിലെ കടവന്ത്ര പൊലീസ് സ്‌റ്റേഷനിലും പിന്നീടു കോടതിയിലും എത്തിച്ചത്. ഷാളില്‍ മുഖം മറച്ചാണു ലൈലയെ എത്തിച്ചത്. ഇന്നു പുലര്‍ച്ചയോടെ കൊച്ചിയില്‍ എത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്നോടിയായി കടവന്ത്ര സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലാണു സ്‌റ്റേഷനില്‍ എത്തിച്ചത്. ഉടന്‍ തന്നെ കോടതിയിലേക്കു കൊണ്ടു പോകുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular