അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവം; ഒരു കെഎസ്ആര്‍ടിസി ജീവനക്കാരനെ കൂടി സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കണ്‍സഷന്‍ എടുക്കാനെത്തിയ വിദ്യാര്‍ഥിയോടും പിതാവിനോടും അപമര്യാതയായി പെരുമാറിയ സംഭവത്തില്‍ ഒരു ജീവനക്കാരനെക്കൂടെ കെ.എസ്.ആ.ര്‍.ടി.സി. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കാട്ടാക്കടയൂണിറ്റിലെ മെക്കാനിക് എസ്.അജികുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഈ സംഭവത്തില്‍ നേരത്തെ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍.സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് സി.പി.മിലന്‍ ഡോറിച്ച് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് വിഭാഗം വിശദമായ വീഡിയോ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് എസ്. അജികുമാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11-ന് മകളോടൊപ്പം കണ്‍സെഷന്‍ പുതുക്കാനായി കാട്ടാക്കട ഡിപ്പോയിലെ കൗണ്ടറില്‍ എത്തിയ പ്രേമനനെയും മകള്‍ രേഷ്മയെയും ജീവനക്കാര്‍ കൈയേറ്റം ചെയ്യുകയായിരുന്നു. കണ്‍സെഷന്‍ പുതുക്കാന്‍ വീണ്ടും കോഴ്സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോഴുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular