ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടിയാൽ ഭൂവുടമ കുടുങ്ങും; ക്രമക്കേടുകൾക്കെതിരേ കടുത്തനടപടി

തിരുവനന്തപുരം: ആധാരം രജിസ്റ്റർചെയ്യുമ്പോൾ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരേ കടുത്തനടപടിക്ക്‌ തീരുമാനം. ആഭ്യന്തര ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമ(കൈവശക്കാരൻ)യിൽനിന്ന് ഈടാക്കും. അടുത്തമാസംമുതൽ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾക്ക് ഇത് ബാധകമാണ്.

സ്റ്റാമ്പ് ഡ്യൂട്ടി, ആധാരം രജിസ്റ്റർചെയ്ത് 10 വർഷത്തിനകവും രജിസ്ട്രേഷൻ ഫീസ് മൂന്നുവർഷത്തിനകവും ഈടാക്കാമെന്നാണ് പുതിയവ്യവസ്ഥ. ഇതിനായി രജിസ്ട്രേഷൻ, കേരള മുദ്രപ്പത്ര നിയമങ്ങളിൽ ഭേദഗതിവരുത്തിയിരുന്നു. തുടർനടപടിയായി ഓഡിറ്റ് മാന്വലും അംഗീകരിച്ചതോടെ നിയമം നടപ്പാവുകയാണ്. ക്രമക്കേട് കണ്ടെത്താൻ ഓഡിറ്റ് ശക്തമാക്കും. റവന്യൂ നഷ്ടത്തിന് ജീവനക്കാർ കുറ്റക്കാരാണെങ്കിൽ അച്ചടക്കനടപടിയുമുണ്ടാകും.

ബാധ്യത ഈടാക്കാൻ റവന്യൂ റിക്കവറി

ഓഡിറ്റ് റിപ്പോർട്ട് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പരിശോധിക്കും. വിരമിച്ചയാളാണെങ്കിലും കൂട്ടുനിൽക്കുന്ന ജീവനക്കാരനെതിരേയും നടപടിവരും. റവന്യൂനഷ്ടമുണ്ടായെങ്കിൽ ഭൂമിയുടമയ്ക്ക് നോട്ടീസ് അയക്കും. ഹിയറിങ്ങും ഉണ്ടാകും. പണം അടച്ചില്ലെങ്കിൽ റവന്യൂറിക്കവറി. രജിസ്‌ട്രേഷൻ ഐ.ജി.ക്കും സർക്കാരിലും അപ്പീൽ നൽകാൻ ഭൂവുടമയ്ക്ക് അവസരമുണ്ട്. നഷ്ടം കക്ഷികളിൽനിന്ന് ഈടാക്കുന്നതുവരെ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്റെ ബാധ്യതയാണ്.

അണ്ടർ വാല്വേഷന്റെ പരിധിയിൽവരാത്ത ക്രമക്കേടുകളുടെ ബാധ്യത ഇതുവരെ സബ് രജിസ്ട്രാർക്കായിരുന്നു. എന്നാൽ, മുദ്രപ്പത്രനിയമത്തിൽ പുതിയതായി ഉൾപ്പെടുത്തിയ 33 എ വകുപ്പ് പ്രകാരം അത് സബ് രജിസ്ട്രാറിൽനിന്ന് ഒഴിവായി ഭൂവുടമയ്ക്കാവുകയാണ്. ബോധപൂർവം കൃത്യവിലോപം വരുത്തിയാലാണ് ജീവനക്കാർക്ക് നടപടി. ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതിനാൽ സർവീസിൽനിന്നു വിരമിക്കുന്ന സബ് രജ്‌സ്ട്രാർമാർക്ക് ഒരിക്കലും പൂർണമായി ഗ്രാറ്റ്വിവിറ്റി ലഭിക്കാറില്ലെന്ന്‌ ഉദ്യേഗസ്ഥർ പറയുന്നു. ഗ്രാറ്റ്വിവിറ്റിയിൽനിന്നാണ് ബാധ്യത ഈടാക്കിയിരുന്നത്.

പരിശോധന ഓഗസ്റ്റുമുതൽ

ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ സർക്കാർ നിശ്ചയിച്ച ന്യായവില വെക്കുമെങ്കിലും ഭൂമിക്കടുത്ത് പൊതുമരാമത്ത് റോഡുണ്ടെങ്കിൽ അത് മറച്ചുവെച്ച് പഞ്ചായത്ത് റോഡെന്ന്‌ രേഖപ്പെടുത്തിയൊക്കെ മുദ്രപ്പത്രവില കുറയ്ക്കാം. ഇത്തരത്തിലോ സമാനമായതോ ആയ ക്രമക്കേടുകൾ സബ് രജിസ്ട്രാർമാർ ഒറ്റയടിക്ക് കണ്ടെത്തണമെന്നില്ല. എന്നാൽ, ഓഡിറ്റിൽ പിടികൂടും. സംസ്ഥാനത്ത് 315 സബ് രജിസ്ട്രാർ ഓഫീസുകളിലും ഏകീകൃത ആഭ്യന്തര ഓഡിറ്റ് നടപ്പാകുന്നതോടെ ന്യായവില ഈടാക്കിയിട്ടുണ്ടോ, മുദ്രപ്പത്രവില കണക്കാക്കിയതിൽ പിശകുണ്ടോ, ആധാരത്തിന്റെ സ്വഭാവം നിർണയിച്ചതിൽ അപാകമുണ്ടോ, എന്തെങ്കിലും ഇളവ് നൽകിയിട്ടുണ്ടെങ്കിൽ നിയമാനുസൃതമാണോ തുടങ്ങിയവ പരിശോധിക്കും.

Similar Articles

Comments

Advertismentspot_img

Most Popular