സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ ഇ.ഡി; സുപ്രീംകോടതിയെ സമീപിച്ചു

ഡല്‍ഹി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ കേസില്‍ ഇഡിയുടെ നിര്‍ണ്ണായക നീക്കം. എം ശിവശങ്കര്‍ ഉള്‍പ്പെട്ട കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനിടയിലാണ് ഇഡിയുടെ നിര്‍ണ്ണായക നീക്കം. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഉന്നത തല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള സെഷന്‍സ് കേസ് 610/2020 കേരളത്തിന് പുറത്തേക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസില്‍ നാല് പ്രതികളാണ് ഉള്ളത്. പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിങ്ങനെയാണ്.

കേസ് ബംഗളൂരുവിലേ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ് അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹര്‍ജിയുടെ കൂടുതല്‍ വിശദശാംശങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്താന്‍ ഇഡി വൃത്തങ്ങളോ, അഭിഭാഷക വൃത്തങ്ങളോ തയ്യാറായില്ല. അതേസമയം അനൗദ്യോഗികമായി ലഭിക്കുന്ന സൂചനകള്‍ പ്രകാരം സാക്ഷികളെ ഉള്‍പ്പടെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജിയെന്നാണ് സൂചന. കേസിലെ പ്രതിയായ എം ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരില്‍ നിര്‍ണ്ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടുലകള്‍ ഉണ്ടാകുമോയെന്ന് സംശയിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിന്റെ മൊഴി ജൂണ്‍ 22, 23 തീയ്യതികളില്‍ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയില്‍ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു പുതുതായി മൊഴി രേഖപെടുത്തിയത്. ഈ മൊഴിയില്‍ സംസ്ഥാനത്ത് ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരെ കുറിച്ചും, വഹിച്ചവരെ കുറിച്ചും, അവരുടെ അടുത്ത കുടുംബ അംഗങ്ങളെ സംബന്ധിച്ചുമുള്ള ഗുരുതരമായ ചില ആരോപണങ്ങള്‍ സ്വപ്ന ഉന്നയിച്ചതായാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സ്വപ്നയുടെ പുതിയ മൊഴിക്ക് ശേഷമാണ് കേസ് കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് മാറ്റാന്‍ ഇഡി നടപടി ആരംഭിച്ചത്. സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഡല്‍ഹിയില്‍ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകരുമായി കൂടിയാലോചനകള്‍ നടന്നു. സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമ ഉപദേശം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെയും, നിയമ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്ത ശേഷമാണ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവും തുടര്‍ നടപടികളും ഉണ്ടാകുമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭുമി ന്യൂസിനോട് പറഞ്ഞു. ഇത് കൂടി കണക്കിലെടുത്താണ് ട്രാന്‍സ്ഫര്‍ ഹര്‍ജിയെന്നാണ് സൂചന

Similar Articles

Comments

Advertismentspot_img

Most Popular