ആദ്യം മനുഷ്യത്വം; സായ് പല്ലവിക്ക് പിന്തുണയുമായി പ്രകാശ് രാജ്

നടി സായ് പല്ലവിയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. ‘ആദ്യം മനുഷ്യത്വം… നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട്’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. സായ് പല്ലവിയുടെ വിശദീകരണ വീഡിയോയും അദ്ദേഹം പങ്കുവച്ചു.

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്നാണ് സായ് പല്ലവി പറഞ്ഞത്. തന്റെ പുതിയ ചിത്രമായ ‘വിരാടപര്‍വ’ത്തിന്റെ ഭാഗമായി നടന്ന ഇന്റര്‍വ്യൂവില്‍ ഒരു ചോദ്യത്തിനുത്തരമായാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും നടന്നിരുന്നു.

തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി സായ് പല്ലവി രംഗത്തെത്തി. എന്തെങ്കിലും പറഞ്ഞാല്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും അതിനാല്‍ രണ്ടുവട്ടം ആലോചിച്ചിട്ടേ എന്തെങ്കിലും പറയൂ എന്നും അവര്‍ പറഞ്ഞു. താൻ ഇടതിനേയോ വലതിനെയോ പിന്തുണക്കുന്നുവെന്ന് ആ ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടില്ല. നിഷ്പക്ഷമായാണ് നില്‍ക്കുന്നെന്നും വ്യക്തമാക്കിയിരുന്നുവെന്നും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സായി പല്ലവി പറഞ്ഞു.

ആദ്യം നമ്മളൊരു നല്ല മനുഷ്യരാകണം. അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കണം. കാശ്മീര്‍ ഫയല്‍സ് കണ്ടതിന് ശേഷം ഞാന്‍ അസ്വസ്ഥയായിരുന്നു. ഇക്കാര്യം ഞാന്‍ പിന്നീട് അതിന്റെ സംവിധായകനെ കാണാനിടയായപ്പോള്‍ പറഞ്ഞിരുന്നു. എല്ലാ തരം കുറ്റകൃത്യങ്ങളും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് മതത്തിലായാലും. ഇതാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പലരും അതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

“പലരും ആള്‍ക്കൂട്ട ആക്രമണത്തെ പിന്തുണയ്ക്കുന്നതായി കണ്ടു. ഒരാളുടെ ജീവനെടുക്കാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എല്ലാവരുടെ ജീവനും പ്രധാനപ്പെട്ടതും തുല്യവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന നാള്‍ മുതല്‍ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്ന് പറഞ്ഞത് എന്നില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. കുട്ടികള്‍ ഒരിക്കലും മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ ജാതിയുടേയോ പേരില്‍ വേര്‍തിരിവ് കാണിക്കില്ല. വളരെ നിഷ്പക്ഷമായി സംസാരിച്ചത് മറ്റൊരുതരത്തില്‍ വ്യാഖ്യാനിച്ചുകണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. അതൊക്കെ കണ്ടപ്പോള്‍ നിരാശ തോന്നി. ഞാന്‍ പറഞ്ഞ ആ ഭാഗം മാത്രമാണ് പ്രചരിക്കപ്പെട്ടത്. അതിന്റെ പിന്നില്‍ എന്താണെന്നോ ബാക്കി എന്താണെന്നോ ആരും കണ്ടിട്ടില്ല.” ഈ ഘട്ടത്തില്‍ തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദിയുണ്ട് എന്നുപറഞ്ഞുകൊണ്ടാണ് സായ് വീഡിയോ അവസാനിപ്പിക്കുന്നത്.


കോടതി ലോക്കറിൽനിന്ന് 100 പവൻ സ്വർണം മോഷണം പോയി; മുൻ സീനിയർ സൂപ്രണ്ട് അറസ്റ്റിൽ

Similar Articles

Comments

Advertismentspot_img

Most Popular