സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു; മഞ്ജു വാര്യരും ഉണ്ടാവുമെന്ന് നിർമാതാവ്

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. സിനിമ ഇറങ്ങി 24ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷക മനസില്‍ ചിത്രത്തോടുള്ള പ്രിയം മാഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയത് മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഒടുവില്‍ ആ വമ്പന്‍ പ്രഖ്യാപനമെത്തിയിരിക്കുകയാണ്. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു.

മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്.

അതേസമയം സിയാദ് കോക്കര്‍ നിര്‍മിച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സുരഭി ലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്ന കുറി എന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular