കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടു

കൊച്ചി: എന്‍ഐഎക്ക് കടുത്ത തിരിച്ചടി നല്‍കിക്കൊണ്ട് കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് കോടതി വെറുതെ വിട്ടത്. തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍.ഐ.എ. കോടതി ശിക്ഷിച്ചിരുന്നത്. എന്‍ഐഎ കോടതി ശിക്ഷാവിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.

പ്രതികള്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അബ്ദുള്‍ ഹാലിം, അബുബക്കര്‍ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലും കോടതി തള്ളി.

കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ആകെ 9 പ്രതികളുള്ള കേസില്‍, ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.

കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലുമായിട്ടായിരുന്നു 2006 മാർച്ചിൽ ഇരട്ട സ്ഫോടനം നടന്നത്.

Similar Articles

Comments

Advertismentspot_img

Most Popular