ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്: ലോഡ്ജ് ഉടമയായ സ്ത്രീ ഒളിവില്‍

കാക്കനാട്: ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികള്‍ ഒളിവില്‍. കേസിലെ പ്രതികളായ അജ്മല്‍, ഷമീര്‍ എന്നിവരും ഇടച്ചിറയിലെ ലോഡ്ജിന്റെ ഉടമയായ സ്ത്രീയുമാണ് ഒളിവില്‍പോയത്. ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. ഇതേ തുടര്‍ന്ന് ലോഡ്ജില്‍ പരിശോധന നടത്തിയ പോലീസ് ഇത് സീല്‍ ചെയ്തു.

മലപ്പുറം സ്വദേശിനിയായ മോഡലിനെയാണ് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തത്. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. കേസില്‍ നേരത്തെ ഒരാള്‍ അറസ്റ്റിലായിരുന്നു. ആലപ്പുഴ സ്വദേശി സലിംകുമാര്‍ (33) ആണ് പിടിയിലായത്.

യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോള്‍ മുന്‍ പരിചയക്കാരനായ സലിംകുമാര്‍ ഇടച്ചിറയിലെ ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കുകയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മല്‍, ഷമീര്‍, സലീംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. യുവതിക്ക് പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ധമയക്കത്തിലാക്കിയായിരുന്നു പീഡനം.

കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐടി വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്. ഇന്‍ഫോ പാര്‍ക്ക് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular