അതിശക്തമായ മഴയ്ക്കു സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച (നവംബർ 11) മുതല്‍ വീണ്ടും അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 11ന് വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും 10നും മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിലെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയതിനാല്‍ മധ്യ കിഴക്കന്‍, പടിഞ്ഞാറന്‍ അറബിക്കടലില്‍ നാളെ വരെ മത്സ്യബന്ധനത്തിനു പോകരുതെന്നാണ് മുന്നറിയിപ്പ്.

നവംബര്‍ 12 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത ഉള്ളതിനാൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് നിർദേശം ഉണ്ട്.

നവംബര്‍ 12 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക. ഇടിമിന്നലുള്ള സമയത്ത് ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മല്‍സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ നിര്‍ത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വെക്കണം.

ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്.

നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലില്‍ നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. ഉടന്‍ വൈദ്യ സഹായം എത്തിക്കാന്‍ ശ്രമിക്കണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7