സെക്രട്ടേറിയറ്റ് തീപ്പിടിത്തം: അട്ടിമറിയില്ലെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കഴിഞ്ഞ വർഷം സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തത്തിൽ പോലീസ് അന്വേഷണം പൂർത്തിയായി. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പോലീസ് കണ്ടെത്തൽ. തീപ്പിടിത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ല. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം ഓഫീസിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണവും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഉണ്ടായിട്ട് ഒരു വർഷം തികയാനിരിക്കെയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് കേസ് വലിയ വിവാദമായിരിക്കുന്ന സമയത്താണ് സെക്രട്ടേറിയറ്റിൽ തീപ്പിടിത്തം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ രണ്ട് തലങ്ങളിലായി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വിദഗ്ദ സമിതിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്വേഷണ സംഘവും പോലീസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷിച്ചത്.

വിദഗ്ദ സമിതി റിപ്പോർട്ട് നേരത്തെ തന്നെ സമർപ്പിച്ചതാണ്. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് അന്ന് വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയത്. തീപ്പിടിത്തത്തിന് പിന്നിൽ ഒരു അട്ടിമറിയും ഇല്ല എന്നാണ് പോലീസ് റിപ്പോർട്ടിലും വ്യക്തമാക്കുന്നത്. തീപ്പിടിത്തത്തിന് പിന്നിൽ ഒരു തരത്തിലുള്ള ആസൂത്രണവും ഉണ്ടായിട്ടില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

ഫാനിന്റെ മോട്ടോർ ചൂടായി കവർ പ്ലാസ്റ്റിക് ഉരുകി കടലാസിൽ വീണാണ് തീപ്പിടിത്തമുണ്ടായത്. രാവിലെ 9.30നാണ് ഫാൻ ഓൺ ചെയ്തത്. അന്ന് ഓഫീസിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചിരുന്നു. ഓഫീസ് അവധിയായിരുന്നു. അന്ന് ശുചീകരണ തൊഴിലാളികളെത്തി ഓഫീസ് സാനിറ്റൈസ് ചെയ്തിരുന്നു. എന്നാൽ ഇവർ തിരിച്ചു പോകുമ്പോൾ ഫാൻ ഓഫ് ചെയ്തിരുന്നില്ലെന്നും ഇതാവാം തീപ്പിടിത്തത്തിന് കാരണമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular