ഉത്തരാഖണ്ഡില്‍ തെരച്ചില്‍ ശക്തമാക്കി; കണ്ടെടുത്തത് 26 മൃതദേഹങ്ങള്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ശക്തമായ പ്രളയത്തില്‍പ്പെട്ട് കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ രക്ഷാസേനകള്‍ ത്വരിതപ്പെടുത്തി. 26 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടുണ്ട്.

ദുരന്തത്തില്‍ അകപ്പെട്ട 197 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ദുരന്ത മേഖലയില്‍ ചെളിയും മണ്ണും അടിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. തപോവനിലെ തുരങ്കത്തില്‍ കുടുങ്ങിയ 35 പേരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാണ്. രണ്ടര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണും ചെളിയും നീക്കം ചെയ്യാനാണ് ശ്രമം.

ശക്തമായ പ്രളയത്തില്‍ നൂറിലധികം പേര്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണുള്ളതെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ പറഞ്ഞു. മൃതദേഹങ്ങളില്‍ പലതും അപകട സ്ഥലത്തിനും ഏറെ അകലെ നിന്നാണ് കണ്ടെടുത്തത്. അതിനാല്‍ വ്യാപക തെരച്ചില്‍ തന്നെ വേണ്ടിവരുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular