ബിനീഷ് കോടിയേരിയുടെ വീടിനു മുന്നില്‍ നാടകീയരംഗങ്ങള്‍, റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു, റെയ്ഡ് ഇപ്പോഴും തുടരുകയാണ്

തിരുവനന്തപുരം: തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെ വീടിനു മുന്നില്‍ നാടകീയ രംഗങ്ങള്‍. വീടിനുള്ളിലുള്ള ബിനീഷിന്റെ ഭാര്യയെയും അവരുടെ അമ്മയെയും രണ്ടരവയസുള്ള കുട്ടിയെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ബന്ധുക്കളും എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിനു സുരക്ഷ നല്‍കുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി.

ഇന്ന് രാവിലെ എട്ടരയോടെയാണ് ബന്ധുക്കള്‍ വീടിനു മുന്നിലെത്തിയത്. ഇന്നലെ രാവിലെ മുതല്‍ ബിനീഷിന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടെന്നും അവരെ കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഫോണ്‍ ഉദ്യോഗസ്ഥര്‍ വാങ്ങിവച്ചിരിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, സുരക്ഷ ഒരുക്കാനാണ് വന്നതെന്നും ഇഡി പറയാതെ ആരെയും കടത്തിവിടാനാകില്ലെന്നും സിആര്‍പിഎഫ് നിലപാടെടുത്തു. ഇതോടെ ഗേറ്റിനു മുന്നില്‍ തടിച്ചു കൂടിയ ബന്ധുക്കളും ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായി. മനുഷ്യത്വരഹിതമായ നിലപാടാണ് ഇഡി സ്വീകരിക്കുന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുള്ളതിനാല്‍ ബാലാവകാശ കമ്മിഷന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. അകത്ത് എന്താണ് നടക്കുന്നതെന്നു അറിയണം. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നത്. കാണാന്‍ അനുവദിച്ചില്ലെങ്കില്‍ വീടിനു മുന്നില്‍ കുത്തിയിരിക്കുമെന്നും കോടിയേരിയുടെ ഭാര്യാ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. ഭക്ഷണവും ബന്ധുക്കള്‍ ഒപ്പം കൊണ്ടുവന്നിരുന്നു. എന്നാല്‍, ഇതു സ്വീകരിക്കാന്‍ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. പിന്നീട് ഭക്ഷണം അകത്തേയ്ക്കു കൊടുത്തുവിട്ടു. ഇതിനിടെ പൂജപ്പുര പൊലീസും സ്ഥലത്തെത്തി.

പൊലീസിനോട് ബന്ധുക്കള്‍ പരാതി പറഞ്ഞെങ്കിലും ഇഡി പറയുന്നത് കേട്ടേ മതിയാകൂ എന്നായിരുന്നു പൊലീസ് നിര്‍ദേശം. വീടിനു മുന്നില്‍ ഇരിക്കുമെന്നും അറസ്റ്റു ചെയ്യാനും ബന്ധുക്കള്‍ പറഞ്ഞു. ഇരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അറസ്റ്റു ചെയ്യട്ടെയെന്നും ബന്ധുക്കള്‍ നിലപാടെടുത്തു. ബിനീഷിന്റെ ഭാര്യയ്ക്ക് ആരെയും കാണാന്‍ താല്‍പര്യമില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ ബിനീഷിന്റെ കുടുംബം അങ്ങനെ പറയില്ലെന്നും പറഞ്ഞിട്ടുണ്ടെങ്കില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടാകുമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഇഡി നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച ബന്ധുക്കള്‍ വീടിനു മുന്നില്‍ കുത്തിയിരിക്കുകയാണ്. ബിനീഷിന്റെ ഭാര്യ വീട്ടുതടങ്കലിലാണെന്നും അവരെ മോചിപ്പിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പൂജപ്പുര പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്നത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു. വീടിനു മുന്നില്‍ കുത്തിയിരിക്കാന്‍ അനുവദിക്കില്ലെന്നും നിലപാടെടുത്തു.

മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചതാണ് പരിശോധനാ നടപടികള്‍ നീണ്ടതും നാടകീയ രംഗങ്ങള്‍ക്കിടയാക്കിയതും. മഹസറില്‍ ഒപ്പിടാതെ ബിനീഷിന്റെ ഭാര്യയ്ക്കു വീട്ടില്‍നിന്ന് പുറത്തുപോകാനാകില്ലെന്ന നിലപാടിലാണ് ഇഡി. രാത്രി മുഴുവന്‍ ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിന്റെ വീട്ടില്‍ തുടര്‍ന്നു. എന്നാല്‍, വീട്ടില്‍നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ ഇഡി കൊണ്ടുവച്ചതാണെന്നും മഹസറില്‍ ഒപ്പിടാനാകില്ലെന്നും ഭാര്യ നിലപാടെടുത്തു.

മയക്കുമരുന്നു കേസിലെ പ്രതി അനൂപിന്റെ ഡെബിറ്റ് കാര്‍ഡടക്കം വീട്ടില്‍നിന്ന് കണ്ടെത്തിയെന്നും മഹസറില്‍ ഒപ്പിടാതെ തിരിച്ചുപോകില്ലെന്നും ഇഡി വ്യക്തമാക്കുന്നു. 24 മണിക്കൂറായി ഇഡി ബിനീഷിന്റെ വീട്ടില്‍ തുടരുകയാണ്. ഇന്നലെ 9 മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ മരതംകുഴിയിലുള്ള കോടിയേരിയെന്ന വീട്ടിലെത്തിയത്. ബന്ധുക്കള്‍ താക്കോല്‍ എത്തിച്ചാണ് ഇഡി അകത്തേക്കു കയറിയത്. ആ സമയം മുതല്‍ ബിനീഷിന്റെ ഭാര്യയും അവരുടെ അമ്മയും കുട്ടിയും വീടിനുള്ളില്‍ തുടരുകയാണ്. സിആര്‍പിഎഫും കര്‍ണാടക പൊലീസും സുരക്ഷയ്ക്കായുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular