‘കരഞ്ഞത് ധൈര്യക്കുറവു കൊണ്ടല്ല; ആളുകൾ മരിച്ചു വീഴുന്നത് നോക്കിനിൽക്കാനാവില്ല; ’

കൊച്ചി :കഴിഞ്ഞ ദിവസം ടെലിവിഷൻ ചർച്ചയ്ക്കിടെ കരഞ്ഞു പോയത് ധൈര്യക്കുറവുകൊണ്ടല്ലെന്നു കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജൂനിയർ റെസിഡന്റ് ഡോക്ടർ നജ്മ. സംസാരിക്കുന്നത് മനുഷ്യ ജീവന്റെ കാര്യങ്ങൾ ആയതുകൊണ്ടാണ്. ഒറ്റയ്ക്ക് നിൽക്കാൻ ധൈര്യമുണ്ട്. ആരുടെയും സംരക്ഷണം ആവശ്യമില്ല. രാഷ്ട്രീയ പാർട്ടിയുടെയോ മതത്തിന്റെയോ പേരിലുള്ള ഒരു കരുവാക്കി തന്നെ മാറ്റരുത്. എല്ലാവരുടെയും മാനസിക പിന്തുണ മതി, പാർട്ടിയുടെയോ മതത്തിന്റെയോ പേരിൽ അതു വേണ്ട എന്നാണ് പറഞ്ഞത് എന്നും ഡോക്ടർ ഇന്ന് മാധ്യമങ്ങളോടു പറഞ്ഞു.

നാളെ അനുവദിച്ചാൽ ജോലിയിൽ പ്രവേശിക്കും, കൂടെ ജോലി ചെയ്യുന്ന സിസ്റ്റർമാരോട് ഒരു ദേഷ്യവുമില്ല. അവരെ കുറ്റപ്പെടുത്തുകയും വഴക്കു പറയുകയും ചെയ്യുന്നതിനാൽ അവർക്ക് പലർക്കും ദേഷ്യമുണ്ട്. എന്നു കരുതി മനുഷ്യർ മരിച്ചു വീഴുമ്പോൾ ഇനിയും നോക്കി നിൽക്കാനാവില്ലെന്നും നജ്മ പറഞ്ഞു.

താൻ പഠിച്ച കോളജ് മോശമാണെന്നോ അവിടെയുള്ള എല്ലാ ഡോക്ടർമാരും നഴ്സുമാരും മോശക്കാരാണ് എന്നോ അല്ല പറഞ്ഞത്. തന്റെ കണ്ണിന്റെ മുന്നിൽ കണ്ട ചില കാര്യങ്ങളാണ് പറഞ്ഞത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നന്നായി പ്രവർത്തിക്കുന്നവരുടെ നീണ്ട പട്ടികയുണ്ട്, ഇവരെ മറന്നിട്ടല്ല ഇതൊന്നും പറയുന്നത്. രണ്ടു പേരുടെ കാര്യത്തിൽ അനാസ്ഥയുണ്ടായിട്ടുണ്ട്. അത് നേരിട്ടു കണ്ടതാണ്. അവ തിരുത്തപ്പെടണം എന്നതിനാലാണ് ചൂണ്ടിക്കാണിച്ചത്.

പലരും കുറ്റപ്പെടുത്തുമ്പോഴും കാര്യങ്ങൾ കൃത്യമായി മനസിലാക്കുന്നവരുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സിസ്റ്റർമാരും നഴ്സുമാരും ജൂനിയർ വിദ്യാർഥികളുമെല്ലാം വിളിച്ചിരുന്നു. കോളജ് ഒന്നും ചെയ്തിട്ടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല, മനുഷ്യത്വത്തിന്റെ പേരിൽ മാത്രം പറഞ്ഞതിനെ സമീപിച്ച് എല്ലാവരും ഒരുമിച്ച് പോരാടി തിരുത്തലിനു മുന്നോട്ടു വരികയാണ് വേണ്ടതെന്നും ഡോക്ടർ നജ്മ മാധ്യമങ്ങളോട് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular