രാജസ്ഥാന് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്തു; ആദ്യ പന്തിൽ തന്നെ സഞ്ജു പുറത്ത്

അബുദാബി: ഷാർജയിലെ വിജയക്കുതിപ്പിനും ദുബായിലെ ഞെട്ടിക്കുന്ന തോൽവിക്കും ശേഷം സീസണിലാദ്യമായി അബുദാബിയിൽ കളിക്കാനിറങ്ങുന്ന രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് രാജസ്ഥാൻ ഇറങ്ങുന്നത്. അങ്കിത് രാജ്പുത്തിനു പകരം മഹിപാൽ ലോംറോർ ടീമിൽ ഇടംപിടിച്ചു. ബെംഗളൂരു നിരയിൽ മാറ്റങ്ങളില്ല. രണ്ടു ടീമുകൾക്കും അബുദാബിയിൽ ഇത് ആദ്യ മത്സരമാണ്. പക്ഷേ, ഈ വേദിയുമായി സാമ്യമുള്ള ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യ മൂന്നു മത്സരങ്ങൾ കളിച്ചത് ആർസിബിക്ക് തുണയായേക്കും.

ഐപിഎൽ 13–ാം സീസണിലെ നാലാം മത്സരത്തിനിറങ്ങുന്ന സഞ്ജു സാംസണിനും സംഘത്തിനും വിജയത്തിൽ കുറഞ്ഞതൊന്നും മനസ്സിലില്ല. ഷാർജയിൽ നടന്ന ആദ്യ രണ്ടു മത്സരങ്ങളിലും തകർപ്പൻ പ്രകടനങ്ങളുമായി വിജയം കുറിച്ച രാജസ്ഥാൻ റോയൽസ്, ദുബായിൽ കൊൽക്കത്തയോട് 37 റൺസിനാണ് തോറ്റത്.

മലയാളി താരം സഞ്ജു സാംസണും ആർസിബിയുടെ സ്പിന്നർ യുസ്‌വേന്ദ്ര ചെഹലും തമ്മിലുള്ള പോരാട്ടം ഇന്ന് ശ്രദ്ധിക്കപ്പെടും. ഇതുവരെ 23 റൺസ് മാത്രം വഴങ്ങി മൂന്നു തവണ സഞ്ജുവിനെ പുറത്താക്കിയ താരമാണ് ചെഹൽ. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും ആദ്യ രണ്ടു മത്സരങ്ങൾക്കൊണ്ട് ഫോം തെളിയിച്ച സഞ്ജു ഇത്തവണ ചെഹലിനെതിരെ എന്ത് ആയുധമാണ് പുറത്തെടുക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ.

രാജസ്ഥാൻ നിരയിൽ ഇന്നു ശ്രദ്ധിക്കപ്പെടുന്ന ബോളർ ശ്രേയസ് ഗോപാലാണ്. ആർസിബിയുടെ നട്ടെല്ലായ വിരാട് കോലി – എ.ബി. ഡിവില്ലിയേഴ്സ് സഖ്യത്തിനെതിരെ ഏറ്റവും മികച്ച റെക്കോർഡുള്ള ബോളർമാരിൽ ഒരാളാണ് ഗോപാൽ. ഇതുവരെ വെറും 40 പന്തുകളിൽനിന്ന് വിരാട് കോലിയെ മൂന്നു തവണയും ഡിവില്ലിയേഴ്സിനെ നാലു തവണയും ഗോപാൽ പുറത്താക്കിയിട്ടുണ്ട്. ഇരുവരുടെയും വിക്കറ്റുകൾ സഹിതം കഴിഞ്ഞ സീസണിൽ ഹാട്രിക്കും സ്വന്തമാക്കിയ താരമാണ് ഗോപാൽ.

Similar Articles

Comments

Advertismentspot_img

Most Popular