പഞ്ചാബിന് ടോസ്, ഫീൽഡിങ് തിരഞ്ഞെടുത്തു; മാറ്റങ്ങളില്ലാതെ മുംബൈ ഇന്ത്യൻസ്

അബുദാബി :മുംബൈ ഇന്ത്യൻസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് ടോസ്. പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഫീൽഡിങ് തിരഞ്ഞെടുത്തു. പഞ്ചാബ് ടീമിൽ മുരുകൻ അശ്വിന് പകരം കൃഷ്ണപ്പ ഗൗതം കളിക്കുന്നുണ്ട്. മുംബൈ ഇന്ത്യൻസിൽ മാറ്റങ്ങളില്ല.

കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് ബാംഗ്ലൂരിനോടു സൂപ്പർ ഓവറില്‍ പരാജയപ്പെട്ടിരുന്നു. രാജസ്ഥാനോട‍് 200ന് മുകളിൽ സ്കോർ ചെയ്ത പഞ്ചാബും തോറ്റു. രാത്രി 7.30ന് അബുദാബിയിലാണു മത്സരം. ബോളിങ്ങിൽ ഒരേ സമയം ആത്മവിശ്വാസവും ആശങ്കയും ഉള്ള ടീമുകളാണു രണ്ടും. ഐപിഎല്ലിലെ പവർപ്ലേകളിൽ മികച്ച റെക്കോർഡുള്ള ബോളർമാരാണ് ഇരുവശങ്ങളിലുമുള്ളത്. എന്നാൽ ഡെത്ത് ഓവറുകളിൽ റൺസ് വിട്ടുകൊടുക്കുന്നതാണ് ഇവരുടെ തലവേദന. പഞ്ചാബിന്റെ ഷെൽഡൻ കോട്രലും മുംബൈയുടെ ജസ്പ്രീത് ബുമ്രയും എതിരാളികൾക്ക് റൺസ് വാരിക്കോരി നൽകുന്നുവെന്നാണു ടീമുകളുടെ ആശങ്ക.

ശസ്ത്രക്രിയയ്ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ഹാർദിക് പാണ്ഡ്യയെ ബോളിങ്ങിൽ ഉപയോഗിക്കുന്നതിന് മുംബൈയ്ക്കു പരിമിതികളുണ്ട്. ബോളിങ്ങിൽ ഈ കുറവ് മുംബൈയെ നന്നായി ബാധിച്ചേക്കാം. സ്പിന്നർമാരെ കൃത്യമായി ഉപയോഗിക്കാൻ സാധിക്കാത്തതും മുംബൈയ്ക്ക് അബുദാബിയിൽ തിരിച്ചടിയാകും. അബുദാബിയിൽ മത്സരങ്ങൾ നിയന്ത്രിക്കുന്നതിൽ സ്പിന്നർമാരുടെ പങ്ക് നിർണായകമാണ്. ബാറ്റിങ്ങിൽ കഴിഞ്ഞ മത്സരത്തില്‍ തകർപ്പൻ പ്രകടനം നടത്തിയ യുവതാരം ഇഷാൻ കിഷനില്‍ മുംബൈ പ്രതീക്ഷ വയ്ക്കുന്നു. രോഹിത്, ക്വിന്റൻ ഡി കോക്ക്, സൂര്യകുമാർ യാദവ് എന്നിവര്‍ക്കൊപ്പം ഇഷാൻ കൂടി തിളങ്ങിയാല്‍ വമ്പൻ സ്കോർ തന്നെ മുംബൈയ്ക്കു നേടാൻ സാധിക്കും. ഐപിഎല്ലിൽ 5,000 റൺസ് തികയ്ക്കാൻ രോഹിത് ശർമയ്ക്ക് ഇനി രണ്ട് റൺസ് കൂടി മതി.

മുംബൈയ്ക്കെതിരെ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുള്ള ബാറ്റ്സ്മാനാണ് പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ. കഴിഞ്ഞ മൂന്ന് തവണ രാഹുൽ മുംബൈയെ നേരിടേണ്ടി വന്നപ്പോള്‍ നേടിയ സ്കോറുകള്‍ 100, 71, 94 എന്നിങ്ങനെയാണ്. 2020 ഐപിഎൽ സീസണില്‍ രാഹുൽ മികച്ച ഫോമിലാണെന്നതിനാല്‍ രോഹിതിനും കൂട്ടര്‍ക്കും ഏറ്റവും വലിയ വെല്ലുവിളിയാകുക കെ.എൽ. രാഹുലായിരിക്കും. ഐപിഎൽ സീസണിൽ നിലവിലെ ടോപ് സ്കോറർമാർ രാഹുലും (222), മറ്റൊരു പഞ്ചാബ് താരമായ മായങ്ക് അഗർവാളും (221) ആണ്. അബുദാബിയിലും ഇരുവരും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താൽ മുംബൈ വിറയ്ക്കും.

മുംബൈ ഇന്ത്യൻസ് ടീം– രോഹിത് ശർമ, ക്വിന്റൻ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷാന്‍ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറൺ പൊള്ളാർഡ്, ക്രുനാല്‍ പാണ്ഡ്യ, ജെയിംസ് പാറ്റിൻസൻ, രാഹുൽ ചാഹർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര

കിങ്സ് ഇലവൻ പഞ്ചാബ് ടീം– കെ.എൽ. രാഹുൽ, മായങ്ക് അഗർവാൾ, നിക്കോളാസ് പുരാൻ, ഗ്ലെൻ മാക്സ്‍വെൽ, കരുൺ നായർ, ജെയിംസ് നീഷം, സർഫറാസ് ഖാൻ, കൃഷ്ണപ്പ ഗൗതം, മുഹമ്മദ് ഷമി, ഷെൽഡൻ കോട്രൽ, രവി ബിഷ്ണോയി.

Similar Articles

Comments

Advertismentspot_img

Most Popular