കൊവിഡ്: ഏഴ് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരം

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ഏഴ് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന്‍റെ പഠന റിപ്പോര്‍ട്ട്. ഈ ജില്ലകളിൽ 200 മുതല്‍ 300 ശതമാനം വരെയാണ് ഒരു മാസത്തെ വര്‍ധന. രോഗികളുടെ വര്‍ധന 300% വരെ ഇനിയും കൂടുമെന്ന് മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു.

ഓഗസ്റ്റ് 29 ന് 928 രോഗികൾ മാത്രമുണ്ടായിരുന്ന കണ്ണൂരില്‍ സെപ്തംബര്‍ 26 ആയപ്പോൾ അത് 3252ലേക്ക് കുതിച്ചുചാടി. വര്‍ധന 294 ശതമാനം. പാലക്കാട് ഇതേ കാലയളവിലെ വര്‍ധന 226ശതമാനം. കൊല്ലത്ത് ഇക്കാലയളവിലെ രോഗ ബാധിതര്‍ 1370ല്‍ നിന്ന് 4360ലേക്ക്. ശതമാന കണക്കില്‍ അത് 218 ശതമാനം. ഈ ജില്ലകളിലെ സ്ഥിതി അതീവഗുരുതരമെന്ന് ചുരുക്കം. കോട്ടയം ഇടുക്കി എറണാകുളം കോഴിക്കോട് തൃശൂര്‍ ജില്ലകളിലെ സ്ഥിതിയും ഗുരുതരമാണ്. ഒരു മാസത്തിനിടെ 200 ശതമാനത്തിനടുത്ത് വര്‍ധന.

പ്രതിദിന രോഗികളുടെ എണ്ണം 1000 കടക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം ജില്ലയില്‍ ചെറിയൊരു ആശ്വാസമുണ്ട്. രോഗികളുടെ വര്‍ധന 80ശതമാനം. മറ്റ് ജില്ലകളെ അപേക്ഷിച്ച് നോക്കുമ്പോൾ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ രോഗ വ്യാപനം കുറവുണ്ടെന്നും കണക്കുകള്‍ പറയുന്നു. പരിശോധനകളുടെ എണ്ണം കൂടിയതാകാം കുത്തനെയുളള വര്‍ധനക്ക് കാരണമെന്നാണ് വിദഗ്ധ പക്ഷം. വരും നാളുകളില്‍ ഈ കണക്ക് ഇതിനും മേലെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular