റെയ്ന ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പിന് പുറത്ത്; ഇനിയെല്ലാം ധോണിയുടെ കയ്യിൽ!

ദുബായ്: വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ സീസണിൽ ഐപിഎല്ലിൽ കളിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യയിലേക്ക് മടങ്ങിയതിനു പിന്നാലെ മധ്യനിര താരം സുരേഷ് റെയ്നയെ ചെന്നൈ സൂപ്പർ കിങ്സിന്റെ വാട്സാപ്പ് ഗ്രൂപ്പിൽനിന്നും നീക്കിയതായി വെളിപ്പെടുത്തൽ. ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ഇൻസൈഡ് സ്പോർടാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാട്ടിലെത്തി ക്വാറന്റീനിൽ കഴിയുന്ന റെയ്ന വീണ്ടും ടീമിനൊപ്പം ചേരാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ടീം മാനേജ്മെന്റ് പൂർണമായും വഴങ്ങിയിട്ടില്ല. റെയ്‌നയെ വീണ്ടും ടീമിലെടുക്കുന്ന കാര്യത്തിൽ ഇടപെടാനില്ലെന്ന് ഉടമ എൻ.ശ്രീനിവാസൻ പരസ്യമാക്കിയതോടെ, ക്യാപ്റ്റൻ എം.എസ്. ധോണിയുടെ തീരുമാനം നിർണായകമാകും.

‘റെയ്ന ടീം ക്യാംപ് വിട്ടപ്പോൾത്തന്നെ അദ്ദേഹത്തെ ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് നീക്കിയിരുന്നു. പിന്നീട് അദ്ദേഹം ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ, ക്യാപ്റ്റൻ എം.എസ്. ധോണി, പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് എന്നിവരെ ബന്ധപ്പെട്ട് ടീമിനൊപ്പം ചേരാനുള്ള സാധ്യതകൾ തിരക്കിയിരുന്നു’ – ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇൻസൈഡ് സ്പോർട്’ റിപ്പോർട്ട് ചെയ്തു.

റെയ്നയെ വീണ്ടും ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഇടപെടാനില്ലെന്നാണ് ടീം ഉടമ എൻ. ശ്രീനിവാസൻ വാർത്താ ഏജൻസിയായ പിടിഐയോട് ഇന്നലെ പ്രതികരിച്ചത്. ഈ സീസണിൽത്തന്നെ താൻ ടീമിലേക്ക് തിരിച്ചെത്തിക്കൂടെന്നില്ലെന്ന റെയ്നയുടെ വിശദീകരണത്തെക്കുറിച്ച് ശ്രീനിവാസന്റെ പ്രതികരണം ഇങ്ങനെ:

‘നോക്കൂ, അത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനല്ല. ഞങ്ങൾ ആ ടീമിന്റെ ഉടമസ്ഥരാണ്. ആ കമ്പനിയുടെ ഉടമസ്ഥരാണ്. അല്ലാതെ കളിക്കാരുടെ ഉടമസ്ഥരല്ല. ടീം ഞങ്ങളുടേതാണ്. പക്ഷേ, കളിക്കാർ ഞങ്ങളുടേതല്ല. ഒരു കളിക്കാരനും എന്റെ സ്വന്തമല്ല’ – ശ്രീനിവാസൻ വ്യക്തമാക്കി.

സുരേഷ് റെയ്നയെ വീണ്ടും ടീമിൽ ഉൾപ്പെടുത്തണോ എന്നത് ടീം മാനേജ്മെന്റിന്റെ തീരുമാനമാണെന്നും ശ്രീനിവാസൻ വ്യക്തമാക്കി. ടീം ക്യാപ്റ്റൻ എം.എസ്. ധോണിയും സിഇഒ കാശി വിശ്വനാഥനുമാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

‘ഞാൻ ഈ ടീമിന്റെ ക്യാപ്റ്റനല്ല. ആരെയാണ് ലേലത്തിൽ ടീമിൽ ഉള്‍പ്പെടുത്തേണ്ടതെന്നോ ആരെയാണ് കളിപ്പിക്കേണ്ടതെന്നോ ഒന്നും ഒരിക്കലും ഞാൻ പറയാറില്ല. എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ഞങ്ങൾക്കുള്ളത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് വിഷയങ്ങളിൽ ഞങ്ങളെന്തിന് ഇടപെടണം? – ശ്രീനിവാസൻ ചോദിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular