അന്ന് രജനി, ഇന്ന് അയൽക്കാരൻ അനു

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതു കാരണം എൻജിനീയറിങ് പഠനം തുടരാനാകാതെ ഹൗസിങ് ബോർഡിന്റെ 7 നില കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കിയ രജനി എസ്. ആനന്ദിന്റെ അയൽപക്കത്താണ് പിഎസ് സി റാങ്കു പട്ടിക റദ്ദായതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത എസ്. അനുവിന്റെ വീട്. രജനിയുടെ ആത്മഹത്യയെ രാഷ്ട്രീയ പ്രചരണായുധമാക്കിയവർ പിഎസ് സി റാങ്കു പട്ടിക റദ്ദായതിനെ ന്യായീകരിക്കുന്ന വിചിത്ര സ്ഥിതി വിശേഷമാണിപ്പോൾ.

2004 ജൂലായ് 22 നായിരുന്നു വെള്ളറട പാട്ടക്കുടിവിള സ്വദേശിയും അടൂർ കോളജ് ഓഫ് എൻജിനീയറിംങ് വിദ്യാർഥിയുമായിരുന്ന രജനിയുടെ മരണം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന രജനി പഠനം തുടരാനായി വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ പറ‍ഞ്ഞ് ബാങ്ക് വായ്പ നിഷേധിച്ചു. ഇതിൽ മനം നൊന്തായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന ഹൗസിംങ് ബോർഡ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി രജനി ജീവനൊടുക്കിയത്. രജനിയുടെ വീടിനു സമിപത്തെ തട്ടിത്തമ്പലത്താണ് അനുവിന്റെ വീട്.

ചുരുങ്ങിയ കാലയളവിലേക്ക് കാലാവധി നീട്ടിയെങ്കിലും പിഎസ് സി റാങ്ക് പട്ടിക റദ്ദായതിനാൽ ഏറെ ആഗ്രഹിച്ച ജോലി ലഭിച്ചില്ല. മറ്റു പല റാങ്കു ലിസ്റ്റുകളിലും ഇടം പിടിച്ചിരുന്നെങ്കിലും സർക്കാർ ജോലിയെന്ന ആഗ്രഹം സ്വപ്നമായി അവശേഷിക്കുമോയെന്ന മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. രജനിയുടെ ആത്മഹത്യ ഇടതു സംഘടനകൾ സ്വാശ്രയ കോളജുകൾക്കെതിരേയുളള സമരായുധമാക്കിയിരുന്നു. അന്ന് രാഷ്ട്രീയ മുതലെടുപ്പു നടത്തിയവർ അനുവിന്റെ മരണത്തിൽ മൗനം പാലിക്കുകയാണിപ്പോൾ.

Similar Articles

Comments

Advertismentspot_img

Most Popular