സെക്രട്ടേറിയറ്റിലെ തീപിടിത്തം; അട്ടിമറി നടന്നിട്ടില്ല

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തത്തിനു പിന്നില്‍ അട്ടിമറി നടന്നിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ്. അസ്വാഭാവികമായ ഒരു നീക്കവും തീപ്പിടിത്തം ഉണ്ടാകുന്നതിനു മുന്‍പ് ആ പരിസരത്ത് ഉണ്ടായിട്ടില്ല. തീപ്പിടിത്തം നടന്ന മുറി അടഞ്ഞുകിടക്കുകയായിരുന്നു. ആ മുറിയിലേക്ക് അപകടത്തിനു മുന്‍പ് ആരും പ്രവേശിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിക്കുള്ള നീക്കങ്ങള്‍ നടന്നതിന്റെ തെളിവും ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്.

രണ്ട് സംഘങ്ങളാണ് സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്നത്. എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘവും. ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ ഉദ്യോഗസ്ഥ സംഘം, തീപ്പിടിത്തത്തിനു കാരണം ഫാനിന്റെ തകരാര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തറിയിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തു. ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെതിന് സമാനമായ കണ്ടെത്തലിലേക്ക് പോലീസും നീങ്ങുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.

ഫാന്‍ കറങ്ങിയുണ്ടായ ചൂടുകൊണ്ട് പ്ലാസ്റ്റിക് ഉരുകിത്തെറിച്ച് കര്‍ട്ടനിലും പേപ്പറിലേക്കും മേശപ്പുറത്തേക്കും വീണു. ഇതേത്തുടര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് ആധികാരികമാണെന്നാണ് പോലീസിന്റെയും നിഗമനം. തീപ്പിടിത്തത്തില്‍ ഏതൊക്കെ ഫയല്‍ നശിച്ചുവെന്നതിനെ കുറിച്ച് ആധികാരികമായ വിവരം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല. ചീഫ് സെക്രട്ടറി നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥ സംഘമാണ് ഇത് സംബന്ധിച്ച അന്വേഷണവും നടത്തുന്നത്. പ്രധാനപ്പെട്ട ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന വിവരമാണ് ഉദ്യോഗസ്ഥരില്‍നിന്ന് ഇപ്പോള്‍ ലഭിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular