ഇടിമിന്നലിന് പിന്നാലെ തീപിടിത്തവും; കത്തി നശിച്ചത് നിര്‍ണായക രേഖകള്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സെക്രട്ടേറിയറ്റിലേക്കു നീങ്ങവേ രണ്ടാംതവണയാണ് രേഖകൾ നഷ്ടമാകുന്നത്. ആദ്യം ഇടിമിന്നലായിരുന്നു വില്ലൻ. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ ക്യാമറകൾ മിന്നലിൽ നശിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സ്വപ്നാ സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമായതിനു പിന്നാലെയാണ് ക്യാമറകൾ നശിച്ചുവെന്ന വിവരം പുറത്തുവന്നത്. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സെക്രട്ടേറിയറ്റിൽ സ്ഥിരമായി എത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് ക്യാമറകൾ കേടായതെന്നും സ്വിച്ച് നന്നാക്കിയെന്നും സർക്കാർ അറിയിച്ചത്. അതേസമയം, ദൃശ്യങ്ങൾ നഷ്ടമായിട്ടില്ലെന്നും സർക്കാർ അവകാശപ്പെട്ടു.

ഇതിന് തൊട്ടുപിന്നാലെ സെക്രട്ടേറിയറ്റിലെ ക്യാമറാ ദൃശ്യങ്ങൾ എൻ.ഐ.എ. ആവശ്യപ്പെട്ടു. 2019 ജൂൺ മുതൽ 2020 ജൂലായ് 10 വരെയുള്ള ദൃശ്യങ്ങളാണ് തേടിയത്. ഇവ പകർത്തിനൽകാൻ ശേഷിയുള്ള ഹാർഡ് ഡിസ്‌ക് ഇല്ലെന്നുപറഞ്ഞ് ദൃശ്യങ്ങൾ കൈമാറുന്നത് നിർത്തിവെച്ചിരുന്നു. സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെന്ന വിവരം ഇതിനിടെ പുറത്തുവന്നു. എന്നാൽ, സർക്കാർ അത് നിഷേധിച്ചു.

ഇതിനിടെ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന പൊതുഭരണവകുപ്പിലെ ക്യാമറാ സെർവർ റൂമിന്റെ സുരക്ഷ വർധിപ്പിച്ചു. സെർവർ റൂമിലും ക്യാമറ സ്ഥാപിച്ചു. ഇവിടേക്ക് മറ്റു ജീവനക്കാർ പ്രവേശിക്കുന്നത്‌ നിരോധിച്ചു. പ്രോട്ടോകോൾ വിഭാഗത്തിലടക്കം സുരക്ഷ ശക്തമാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് തീപ്പിടിത്തത്തിൽ നിർണായക ഫയലുകൾ നഷ്ടമാകുന്നത്.

മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകൾ സൂക്ഷിച്ചിരുന്ന വിഭാഗത്തിനാണ് തീപടർന്നത്. അനധികൃതമായി യു.എ.ഇ. കോൺസുലേറ്റിന്റെ വിദേശസഹായം സ്വീകരിച്ച മന്ത്രി കെ.ടി. ജലീലിന്റേതടക്കമുള്ള യാത്രകൾ പരിശോധിക്കാൻ ദേശീയ ഏജൻസികൾ തീരുമാനിച്ചിരുന്നു. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രകൾ സംബന്ധിച്ച് രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷകളും ഈ വിഭാഗത്തിൽ എത്തിയിരുന്നു. ഇവ ഇ-ഫയലുകളല്ല. അതിനാൽ ഫയലിന് കേടുപാടുണ്ടായാൽ രേഖകൾ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്.

കോൺസുലേറ്റിന്റെ ആതിഥ്യം സ്വീകരിച്ച് ഒട്ടേറെ ഉദ്യോഗസ്ഥരും മന്ത്രിമാരും വിദേശയാത്ര നടത്തിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് എത്തിയ ചില വിദേശപ്രതിനിധികൾക്ക് സർക്കാർ ആതിഥ്യം നൽകിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular