ഇന്ത്യക്കാര്‍ക്ക് 73 ദിവസത്തിനകം കോവിഡ് വാക്‌സിന്‍ ലഭ്യമാകും

ആറു മാസത്തിലേറെയായി എല്ലാ ഇന്ത്യക്കാരും കാത്തിരിക്കുന്ന ആ ദിവസം ഏറെ അടുത്തുവെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ആദ്യത്തെ കൊറോണവൈറസ് വാക്‌സീന്‍ ഏറെ വൈകാതെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്തെ ആദ്യത്തെ വാക്‌സീന്‍ കോവിഷീല്‍ഡ് എന്ന് വിളിക്കപ്പെടുന്ന ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി അസ്ട്രസെനെക്ക വാക്‌സീന്‍ ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. കോവീഷീല്‍ഡ് വാക്‌സീന്‍ 73 ദിവസത്തിനകം ഇന്ത്യക്കാര്‍ക്ക് ലഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

73 ദിവസത്തിനുള്ളില്‍ വാക്‌സീന്‍ നിര്‍മാണം തുടങ്ങുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോവിഷീല്‍ഡിന്റെ പരീക്ഷണങ്ങള്‍ നിലവില്‍ രാജ്യത്ത് നടക്കുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സീന്‍ ഉത്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള ഔദ്യോഗിക പങ്കാളികളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് കൈകാര്യം ചെയ്യുന്നത്.

ബിസിനസ് ടുഡേയിലെ റിപ്പോര്‍ട്ട് അനുസരിച്ച്, ബയോടെക്‌നോളജി കമ്പനിക്ക് സര്‍ക്കാര്‍ പ്രത്യേക മാനുഫാക്ചറിങ് മുന്‍ഗണനാ ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും 58 ദിവസത്തിനുള്ളില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ട്രയല്‍ പ്രോട്ടോക്കോള്‍ പ്രക്രിയകള്‍ വേഗത്തില്‍ ട്രാക്കുചെയ്തിട്ടുണ്ടെന്നും എസ്ഐഐയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത് പ്രകാരം ശനിയാഴ്ചയാണ് മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യ ഡോസ് നല്‍കിയത്. രണ്ടാമത്തെ ഡോസ് 29 ദിവസത്തിന് ശേഷം നല്‍കും. അന്തിമ പരീക്ഷണ റിപ്പോര്‍ട്ട് രണ്ടാമത്തെ ഡോസിങിന് ശേഷം 15 ദിവസത്തിനുള്ളില്‍ പുറത്തുവരുമെന്നാണ് അറിയുന്നത്. ഇതിനു ശേഷമാണ് വാണിജ്യോല്‍പാദനം തുടങ്ങുക.

ഇന്ത്യയിലെ കോവിഷീല്‍ഡിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഓഗസ്റ്റ് 22 ന് പൂനെ, മുംബൈ, അഹമ്മദാബാദ് ഉള്‍പ്പെടെ 20 കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഒരു വലിയ ശ്രേണിയിലുള്ള ആളുകളില്‍ വാക്‌സീന്‍ ഫലപ്രാപ്തിയും സുരക്ഷയും പരിശോധിക്കുന്നതിനായി വിവിധ പ്രായത്തിലുള്ള 1,600 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്.

വാക്‌സീനുകള്‍ നേരിട്ട് വാങ്ങുമെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഇതിനകം തന്നെ ബയോടെക്‌നോളജി കമ്പനിയോട് സൂചിപ്പിക്കുകയും എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സീന്‍ സൗജന്യമായി വിതരണം ചെയ്യാന്‍ പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം ജൂണില്‍ എസ്‌ഐഐയില്‍ നിന്ന് 130 കോടി ഇന്ത്യന്‍ പൗരന്മാര്‍ക്ക് 68 കോടി ഡോസുകള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular