സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 50000 കടന്നു; രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ പിന്നില്‍

കേരളത്തില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച് 203 ദിവസം തികയുന്ന അന്ന് കോവിഡ് കണക്കുകളില്‍ മറ്റൊന്നു കൂടി സംഭവിച്ചു സംസ്ഥാനത്തെ ഇതുവരെയുള്ള ആകെ കോവിഡ് ബാധിതര്‍ അരലക്ഷം കടന്നു. ഓഗസ്റ്റ് 19 വരെ 50,231 ആണ് കേരളത്തിലെ ആകെ കോവിഡ് ബാധിതര്‍. മേയ് 27നായിരുന്നു കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നത്. അതിനു വേണ്ടിവന്നത് 119 ദിവസം. കോവിഡ് ബാധിതര്‍ 10,000ത്തിലെത്താന്‍ അവിടെനിന്നു വേണ്ടിവന്നത് വെറും 50 ദിവസം. ജൂലൈ 16ന് കോവിഡ് ബാധിതരുടെ എണ്ണം 10,725ലെത്തി.

ആ സംഖ്യ 20,000ത്തിലെത്താന്‍ വേണ്ടിവന്നത് 12 ദിവസം (ജൂലൈ 28ന്), 30,000ത്തിലെത്താന്‍ വേണ്ടിവന്നത് 9 ദിവസം (ഓഗസ്റ്റ് 6ന്), 40,000ത്തിലെത്താന്‍ അത്ര പോലും ദിവസം വേണ്ടിവന്നില്ല8 ദിവസംകൊണ്ട് ഓഗസ്റ്റ് 14ന് കോവിഡ് ബാധിതര്‍ 41,277ല്‍ എത്തി. അവിടെനിന്ന് വെറും അഞ്ചു ദിവസത്തില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷവും കടന്നു. ഓഗസ്റ്റ് 13 മുതല്‍ തുടര്‍ച്ചയായി 1500നു മുകളിലാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. ഓഗസ്റ്റ് 19ന് അത് രണ്ടായിരവും കടന്നു.

ഇപ്പോഴത്തെ കണക്കില്‍ പോവുകയാണെങ്കില്‍ സെപ്റ്റംബര്‍ മധ്യത്തോടെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലെത്തും. സെപ്റ്റംബറില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 വരെയെത്താന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് ഇതോടൊപ്പം കൂട്ടിവായിച്ചാല്‍ ഒരുപക്ഷേ അതിലും നേരത്തേ കേരളം ഒരു ലക്ഷം കോവിഡ് ബാധിതരെന്ന സംഖ്യയിലെത്തും. നിലവില്‍ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതര്‍ 50,000 കടന്ന 13 സംസ്ഥാനങ്ങളും കേന്ദ്ര തലസ്ഥാന പ്രദേശമായ ഡല്‍ഹിയുമാണുള്ളത്. ഈ പട്ടികയില്‍ അവസാന സ്ഥാനത്താണു കേരളം. കൂട്ടത്തില്‍ ഏറ്റവും സമയമെടുത്ത് അരലക്ഷത്തിലെത്തിയതും കേരളമാണ്.

കേരളത്തിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത് ജനുവരി 30നാണ്. അരലക്ഷത്തിലേക്ക് രോഗികള്‍ എത്താന്‍ 203 ദിവസം വേണ്ടിവന്നു. ഏറ്റവും പെട്ടെന്ന് രോഗികള്‍ അരലക്ഷത്തിലെത്തിയ സംസ്ഥാനം മഹാരാഷ്ട്രയാണ്. മാര്‍ച്ച് 9ന് ആദ്യ കേസ് സ്ഥിരീകരിച്ച് 77-ാം നാള്‍, മേയ് 24ന്, സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതര്‍ 50,231ലെത്തി. ഹരിയാനയില്‍ നിലവില്‍ ആകെ 49,930 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ 48,351 പേര്‍ക്കും.

അതേസമയം, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും എട്ടു കേന്ദ്ര ഭരണപ്രദേശങ്ങളുമെടുത്താല്‍ രോഗമുക്തി നിരക്കില്‍ 23-ാം സ്ഥാനത്താണു കേരളം. നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിലെല്ലാം രോഗമുക്തി നിരക്ക് കേരളത്തേക്കാള്‍ കൂടുതലാണ്. മേല്‍പ്പറഞ്ഞ 13 സംസ്ഥാനങ്ങളും ഡല്‍ഹിയുമായി താരതമ്യം ചെയ്യുമ്പോഴും കേരളത്തിന്റെ സ്ഥാനം ഏറ്റവും പിറകിലാണ്. ഓഗസ്റ്റ് 19 വരെയുള്ള കണക്ക് പ്രകാരം കേരളത്തിന്റെ കോവിഡ് മുക്തി നിരക്ക് 64.91 ശതമാനമാണ്. എന്നാല്‍ കേരളത്തിനേക്കാളേറെ കോവിഡ് ബാധിതരുള്ള ഡല്‍ഹിയില്‍ 90.15% ആണ് കോവിഡ് മുക്തിനിരക്ക്. തമിഴ്‌നാട്ടില്‍ 83.32, ഗുജറാത്തില്‍ 79.1 എന്നിങ്ങനെയാണ് നിരക്ക്.

കേരളത്തേക്കാള്‍ കുറവ് രോഗികളുള്ള ഹരിയാനയില്‍ 84.23 ശതമാനവും മധ്യപ്രദേശില്‍ 75.44 ശതമാനവുമാണ് രോഗമുക്തി നിരക്ക്. ഇന്ത്യയിലാകെ കണക്കെടുത്താല്‍ 73.83% ആണ് കോവിഡ് മുക്തിനിരക്ക്.

Similar Articles

Comments

Advertismentspot_img

Most Popular