രണ്ടു ഘട്ട പിഎസ്‌സി പരീക്ഷ: സ്ക്രീനിങ് ടെസ്റ്റിലെ മാർക്ക് റാങ്ക് ലിസ്റ്റിനു പരിഗണിക്കില്ല

പിഎസ്‌സിയിൽ രണ്ടു ഘട്ട പരീക്ഷാ സമ്പ്രദായം നിലവിൽ വരുമ്പോൾ പ്രാഥമിക പരീക്ഷയുടെ (സ്ക്രീനിങ് ടെസ്റ്റ്) മാർക്ക്, റാങ്ക് പട്ടികയ്ക്കു പരിഗണിക്കില്ല. എസ്എസ്എൽസി യോഗ്യത വേണ്ട വിവിധ തസ്തികകളിലേക്ക് ഇതിനകം അപേക്ഷ ക്ഷണിക്കുകയും ലക്ഷക്കണക്കിനു പേർ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്കെല്ലാം കൂടി പ്രാഥമിക പരീക്ഷ നടത്തി ഓരോ തസ്തികയിലേക്കും യോഗ്യത നേടിയവരുടെ പട്ടിക പ്രത്യേകം തയാറാക്കും. ഇവർക്കു രണ്ടാംഘട്ട പരീക്ഷ നടത്തി റാങ്ക് പട്ടിക തയാറാക്കും. ഹയർസെക്കൻഡറി, ബിരുദ യോഗ്യതകൾ വേണ്ട തസ്തികകളിലും സമാന രീതിയിൽ പ്രാഥമിക പരീക്ഷകൾ നടക്കും. എന്നാൽ സാങ്കേതിക യോഗ്യത ആവശ്യമായ ജോലികളിലേക്കും മെഡിക്കൽ, എൻജിനീയറിങ്, ഡ്രൈവിങ്, അധ്യാപക തസ്തികകളിലേക്കും ഈ രീതിയിൽ നിയമനം നടത്തില്ല.

എൽഡി ക്ലാർക്ക് തസ്തികയിലേക്കും മറ്റും ലക്ഷങ്ങൾ പ്രാഥമിക പരീക്ഷയെഴുതുമ്പോൾ 5000–10,000 പേരെയായിരിക്കും രണ്ടാം ഘട്ടത്തിലേക്കു തിരഞ്ഞെടുക്കുക. അതിനാൽ വേഗം ഫലം പ്രസിദ്ധീകരിക്കാനാകും. എസ്എസ്എൽസി തലത്തിലുള്ള പ്രാഥമിക പരീക്ഷ 19 ലക്ഷം പേരും ഹയർസെക്കൻഡറി തലത്തിൽ 15 ലക്ഷം പേരും ഡിഗ്രി തലത്തിൽ 7 ലക്ഷം പേരും എഴുതുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇന്റർവ്യൂ വേണ്ട തസ്തികകളിലേക്കു രണ്ടാംഘട്ട പരീക്ഷയ്ക്കു ശേഷം അഭിമുഖവും ഉണ്ടാകും. നിലവിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിലെയും അടുത്ത മാസം വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിലെയും പരീക്ഷാ നടപടി ആരംഭിച്ചിട്ടില്ലാത്ത തസ്തികകളെ ക്രോഡീകരിച്ചുകൊണ്ടാണു പ്രാഥമിക പൊതുപരീക്ഷ നടത്തുക.

കോവിഡ് കാലത്തു രേഖാപരിശോധനയ്ക്ക് എത്താൻ സാധിക്കാത്തവർക്കായി ഓൺലൈൻ വെരിഫിക്കേഷൻ നടത്തുമെന്നു പിഎസ്‌സി ചെയർമാൻ എം.കെ. സക്കീർ. ഏറ്റവും അടുത്തുള്ള ജില്ലാ ഓഫിസിൽ രേഖകൾ പരിശോധിപ്പിക്കാം. അതിനു സാധിക്കാത്തവർ രേഖകൾ അപ്‌ലോ‍ഡ് ചെയ്താൽ ഉദ്യോഗാർഥികളെ വിഡിയോ കോളിലൂടെ കണ്ട് ഉറപ്പാക്കും. ഇങ്ങനെയുള്ളവരെ താൽക്കാലികമായി റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുമെങ്കിലും രേഖകൾ നേരിട്ടു ഹാജരാക്കി ബോധ്യപ്പെടുത്തിയാലേ സ്ഥിരപ്പെടുത്തൂ.

വനിതാ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള 22 പേരുടെ കായികക്ഷമതാ പരീക്ഷ 20നു നടത്തും. അതിന്റെ ഫലം കൂടി ചേർത്തു റാങ്ക് പട്ടിക പരിഷ്കരിക്കും. ഈ പട്ടികയിൽ നിന്ന് അഞ്ഞൂറോളം പേർക്കു നിയമനം നൽകും. 20 തസ്തികകളിലേക്കു കൂടി വിജ്ഞാപനം പുറപ്പെടുവിക്കും. സംസ്ഥാനതലത്തി‍ൽ വിജ്ഞാപനം ചെയ്യുന്ന ജനറൽ തസ്തികകൾ: അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ, ഡപ്യൂട്ടി മാനേജർ (ജനറൽ, സൊസൈറ്റി), ടൈപ്പിസ്റ്റ് ഗ്രേഡ് 2 (ജനറൽ, സൊസൈറ്റി), കെമിസ്റ്റ് (ജനറൽ, സൊസൈറ്റി). ഇതിനു പുറമേ സംസ്ഥാന, ജില്ലാ തല സ്പെഷൽ റിക്രൂട്‌മെന്റിനുള്ള വിജ്ഞാപനങ്ങളും ഇറക്കും.

Similar Articles

Comments

Advertismentspot_img

Most Popular