ഈര്‍പ്പം കൂടിയാല്‍ കൊറോണ വൈറസിന് 23 ഇരട്ടിവരെ ശക്തികൂടും; നിര്‍ണായക പഠനം തെളിയിക്കുന്നത്…

വാഷിങ്ടണ്‍: കൊറോണ വൈറസിനെ വഹിക്കുന്ന സൂക്ഷ്മ കണങ്ങളുടെ ആയുര്‍ദൈര്‍ഘ്യവും അന്തരീക്ഷത്തിലെ ഈര്‍പ്പനിലയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. അന്തരീക്ഷത്തിലെ ഈര്‍പ്പനില ഉയര്‍ന്നതാണെങ്കില്‍ വൈറസ് വാഹകരായ, ഇടത്തരം വലിപ്പമുള്ള കണങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 23 ഇരട്ടിവരെ ദീര്‍ഘിക്കുമെന്ന് ജേണല്‍ ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വ്യക്തമാക്കുന്നത്.

കോവിഡ് രോഗിയുടെ നിശ്വാസവായുവിലുള്ള വൈറസിനെ വായുവിന്റെയും ദ്രവകണത്തിന്‌റെയും ചലനം എങ്ങനെ ബാധിക്കുന്നുവെന്നതായിരുന്നു പരീക്ഷണം. സാമൂഹിക അകലം പാലിക്കല്‍ കോവിഡ് പ്രതിരോധത്തില്‍ ഏറെ നിര്‍ണായകമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. നിശ്വാസവായുവിലെ കണങ്ങളുടെ സഞ്ചാരപഥത്തെ വായുവിലെ മര്‍ദവ്യത്യാസം എങ്ങനെ ബാധിക്കുന്നുവെന്ന് മിസ്സൗറി സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത മാതൃകയില്‍ വിശദമായി പറയുന്നുണ്ട്.

ശ്വസനം, സംസാരം, ചുമയ്ക്കല്‍ തുടങ്ങിയ സ്വാഭാവിക പ്രക്രിയകളിലൂടെയാണ് കോവിഡ് 19-ന് കാരണമാകുന്ന കൊറോണ വൈറസിന്റെ വ്യാപനം നടക്കുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ എങ്ങിനെയാണ് ഈ വൈറസ് വായുവിലൂടെ പകരുന്നത് എന്നതിനെ കുറിച്ച് വളരെ കുറച്ചുമാത്രമേ അറിയാന്‍ സാധിച്ചിട്ടുള്ളൂവെന്നും ഗവേഷകര്‍ പറയുന്നു.

കണങ്ങളില്‍ അടങ്ങിയിരിക്കുന്ന വൈറസുകളുടെ സാന്നിധ്യം അതിന്റെ വലിപ്പത്തിന് ആനുപാതികമാണെങ്കില്‍, ചുമയ്ക്കുമ്പോള്‍ 70 ശതമാനം വൈറസുകളും പുറത്തെത്തും- ഗവേഷകന്‍ ബിന്‍ബിന്‍ വാങ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത് വൈറസ് വാഹകരായ കണങ്ങള്‍ ആളുകളില്‍ പതിക്കുന്നത് കുറയ്ക്കുകയും രോഗബാധ കുറയ്ക്കുമെന്നും വാങ് കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular