‘സ്വന്തം ജോലി ശരിയ്ക്ക് ചെയ്യാനറിയില്ല, അമേരിക്കക്കാര്‍ ഒരു നേതാവിന് വേണ്ടി കരയുകയാണ്’: കമല

തനിക്കെതിരെ വിമര്‍ശനമുയര്‍ത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ചുട്ടമറുപടി നല്‍കി ഇന്ത്യന്‍ വംശജയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമലാ ഹാരിസ്. സ്വന്തം ജോലി ശരിയ്ക്ക് ചെയ്യാനറിയാത്തയാളായാണ് ട്രംപിനെ കമല വിശേഷിപ്പിച്ചത്. കൂടാതെ ഒരു നേതാവിന് വേണ്ടി കരയുകയാണ് അമേരിക്കയെന്നും കമല പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനൊപ്പമുള്ള ആദ്യത്തെ പ്രചാരണയോഗത്തിലാണ് കമല ട്രംപിനെതിരെ ആഞ്ഞടിച്ചത്.

ജോ ബൈഡന്റെ സ്വന്തം നാടായ ഡെലവറിലെ വില്‍മിംഗ്ടണിലായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആദ്യത്തെ പ്രചാരണപരിപാടി നടന്നത്. ഇതിനിടയിലാണ് ട്രംപിന്റെ വിമര്‍ശനങ്ങളെ കമല തുറന്നടിച്ചത്. കൊവിഡ് വൈറസ് പ്രതിരോധത്തില്‍ ട്രംപ് പരാജയപ്പെട്ടെന്നും, എബോള വൈറസ്ബാധയുണ്ടായപ്പോള്‍ വെറും രണ്ട് അമേരിക്കക്കാര്‍ മാത്രമാണ് മരണപ്പെട്ടതെന്നും അന്ന് പ്രസിഡന്റായിരുന്നത് ഒബാമയും വൈസ് പ്രസിഡന്റ് ബൈഡനുമായിരുന്നുവെന്ന് കമല ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് സാമ്പത്തികരംഗത്തെ അമേരിക്കയുടെ നിലനില്‍പ്പ് ട്രംപ് താളം തെറ്റിച്ചെന്നും കമല ആരോപിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമലയെ നാമനിര്‍ദേശം ചെയ്തതിന് പിന്നിലെ ബൈഡന്റെ ലക്ഷ്യം നാനാത്വത്തില്‍ താന്‍ ഉറച്ചുവിശ്വസിക്കുന്നുവെന്ന സന്ദേശം അമേരിക്കന്‍ ജനതയ്ക്ക് നല്‍കുക എന്നതാണ്.

”ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മള്‍ ആരാണ് ? നമ്മളെന്തിന് വേണ്ടിയാണ് നിലനില്‍ക്കുന്നത്? ഏറ്റവും പ്രധാനം, നമ്മളെന്താകണമെന്നാണ് ആഗ്രഹിക്കുന്നത്”, ബൈഡന്‍ ചോദിക്കുന്നു.

അതേസമയം അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയ്യതിയെ സംബന്ധിച്ചും ചില അവ്യക്തത നിലനില്‍ക്കുന്നുണ്ട്. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടേണ്ടി വരുമെന്ന സൂചന പുറത്തുവരുന്നു. ട്രംപിന്റെ ഈ സൂചനയ്‌ക്കെതിരെ ഡെമോക്രാറ്റ് പാര്‍ട്ടി ശക്തമായി പ്രതിഷേധവും അറിയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular