കുഞ്ഞുണ്ടായാല്‍ 3 ലക്ഷം തരാമെന്ന് സര്‍ക്കാര്‍

ടോക്യോ: കഴിഞ്ഞ കുറച്ചുകാലമായി ജപ്പാനില്‍ ജനനനിരക്ക് ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. അത് ഉയര്‍ത്തുന്നതിനുള്ള പല പദ്ധതികളും രാജ്യത്ത് ആവിഷ്‌കരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ ഗുണം ലഭിച്ചിട്ടില്ല. കുടുംബത്തിലേക്ക് ഒരാളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നേരത്തെ ബാങ്കിലൂടെ കിട്ടിയിരുന്ന പണം കുറച്ച് കൂട്ടി തരാമെന്ന വാഗ്ദ്ധാനമാണ് ജപ്പാന്‍ കുടുംബ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരിക്കുന്നത്.

നിലവില്‍ ജപ്പാനില്‍ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും രക്ഷിതാക്കള്‍ക്ക് 420,000 യെന്‍ (2.52 ലക്ഷം രൂപ) ഗ്രാന്‍ഡായി നല്‍കുന്നുണ്ട്. ഇത് 500,000 യെന്‍ (3 ലക്ഷംരൂപ) ആക്കി ഉയര്‍ത്തി നല്‍കാനാണ് ജപ്പാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

പുതിയ നിര്‍ദേശം സംബന്ധിച്ച് കുടുംബ ആരോഗ്യ മന്ത്രി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. 2023 ഓടെ നിര്‍ദേശം അംഗീകരിക്കപ്പെടുകയും പ്രാബല്യത്തില്‍ വരികയും ചെയ്യും.

എന്നാല്‍ ഈ ഗ്രാന്‍ഡൊക്കെ നല്‍കുന്നുണ്ടെങ്കിലും ആളുകള്‍ക്കിത് കുട്ടികളെ ജനിപ്പിക്കാന്‍ പ്രചോദനമാകില്ലെന്നാണ് ജപ്പാന്‍ മാധ്യമങ്ങള്‍ തന്നെ പറയുന്നത്. കാരണമായി അവര്‍ പറയുന്നത് ഒരു പ്രസവം കഴിയുമ്പോള്‍ അതിന് ചെലവാകുന്ന തുക ഗ്രാന്‍ഡ് ലഭിക്കുന്ന പണത്തിനോടടുത്ത് വരുമെന്നാണ്.

പ്രസവ-ശിശു സംരക്ഷണ ഗ്രാന്‍ഡ് എന്ന പേരിലാണ് സര്‍ക്കാര്‍ പണം ലഭിക്കുന്നതെങ്കിലും പ്രസവം കഴിയുമ്പോള്‍ ബാക്കിയാകുന്നത് തുച്ചമായ തുക മാത്രമാകും. ജപ്പാനിലെ പബ്ലിക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് വഴിയാണ് ധനസഹായം ലഭിക്കുക. സാധാരണ ഒരു പ്രസവം നടക്കുമ്പോള്‍ ഏതാണ്ട് 473000 യെന്‍ (2.84 ലക്ഷം രൂപ) ചെലവാകും. പ്രസവാനന്തര ചെലവുകള്‍ക്കും കുഞ്ഞിന്റെ സംരക്ഷണത്തിനും മറ്റുമായി ഇതിന്റെ ഇരട്ടിയോളംവരും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നല്‍കുന്ന തുക പരിമിതമാണെന്നാണ് ജപ്പാന്‍കാരുടെ വാദം.

അതേ സമയം പ്രസവ-ശിശു സംരക്ഷണ ഗ്രാന്‍ഡ് 2009ന് ശേഷം ആദ്യമായിട്ടാണ് വര്‍ധിപ്പിക്കുന്നത് എന്നതും കൗതുകകരമാണ്.

2021-ല്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം ഒരു നൂറ്റാണ്ടിനിടെ ഏറ്റവും കുറഞ്ഞ ജനനിരക്കുള്ള രാജ്യമാണ് ജപ്പാന്‍. ഇത് രാജ്യത്ത് വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം 8,11,604 ജനനങ്ങളും 14,39,809 മരണങ്ങളും രേഖപ്പെടുത്തി. ്അതായത് ഒരു വര്‍ഷംകൊണ്ട് രാജ്യത്തെ ജനസംഖ്യയില്‍ 6,28,205 ആളുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ അന്തരമാണിതെന്നാണ്‌ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

2022-ലെ കണക്കുകള്‍ നോക്കുമ്പോഴും വലിയ ആശങ്കയാണ് ജപ്പാനിലുള്ളത്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 5,99,636 കുഞ്ഞുങ്ങാളാണ് ജനിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കിനേക്കാള്‍ 4.9% താഴെയാണ്.

ജപ്പാന്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെങ്കിലും അവിടുത്തെ ജീവിതച്ചെലവും മന്ദഗതിയിലുള്ള വേതന വര്‍ദ്ധനവും പ്രതിസന്ധിക്ക് പ്രധാന കാരണമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി സമൂഹത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതില്‍ യാഥാസ്ഥിതിക സര്‍ക്കാര്‍ പിന്നോട്ട് പോയി. കൂടാതെ ജപ്പാനിലെ യുവാക്കള്‍ക്കിടയില്‍ വിവാഹത്തോട് താത്പര്യം കുറഞ്ഞുവരുന്നതായും സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

1973 മുതലാണ് ജപ്പാനില്‍ ജനസംഖ്യാ ഇടിവ് ആരംഭിച്ചത്. നിലവില്‍ 12.5 കോടിയുള്ള ജപ്പാനിലെ ജനസംഖ്യ 2060 ആകുമ്പോഴേക്കും 8.67 കോടിയിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍.

Similar Articles

Comments

Advertismentspot_img

Most Popular