തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും മൂന്നാറിലെത്തും.
തിരുവനന്തപുരത്ത് നിന്ന് നാളെ രാവിലെ ഒമ്പതു മണിയോടു കൂടി മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിലേക്ക് പുറപ്പെടും. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന ഇവര്‍ അവിടെ നിന്ന് അപകട സ്ഥലത്തേക്ക് പോകും. കാലാവസ്ഥകൂടി പരിഗണിച്ചാകും യാത്ര. നിലവില്‍ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതികൂല കാലവസ്ഥയാണെങ്കില്‍ യാത്ര മാറ്റിവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശനത്തിനു വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
കരിപ്പൂരിലും ഗവര്‍ണര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നത്. ഇതിനിടെ പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാകും പാക്കേജ്. ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കം. നേരത്തെ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്താത്തതില്‍ വിമര്‍ശനവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു. കരിപ്പൂര്‍ വിമാന ദുരന്തം നടന്ന പിറ്റേന്ന് തന്നെ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് പെട്ടിമുടിയിലെത്തിയില്ലെന്നും ധനസഹായ തുകയിലും വിവേചനമുണ്ടായെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
എന്നാല്‍ കാലാവസ്ഥ പ്രശ്‌നങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതും കാരണമാണ് അപകടം നടന്നയുടന്‍ പ്രദേശം സന്ദര്‍ശിക്കാത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.