മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചില്‍ താത്കാലികമായി നിര്‍ത്തി; ഇതുവരെ കണ്ടെത്തിയത് 17 മൃതദേഹങ്ങള്‍

മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്നാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. ജനറേറ്റര്‍ എത്തിക്കുന്നതിനുള്ള ശ്രമം നടന്നെങ്കിലും സാധ്യമായിട്ടില്ല. രാത്രിയും തെരച്ചില്‍ തുടരാനാകുമെന്ന് നേരത്തെ കരുതിയിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാണ്. നിലവില്‍ ദുരന്തനിവാരണ സേന തെരച്ചില്‍ അവസാനിപ്പിച്ച് പ്രദേശത്തുനിന്ന് നീങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. ആംബുലന്‍സുകള്‍ അടക്കം തിരിച്ചയച്ചു. പ്രദേശത്ത് മഴകനക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്തിവച്ചത്.

അതേസമയം, പ്രദേശത്തുനിന്ന് ഇന്ന് 17 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. അന്‍പതിലധികം ആളുകളെക്കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്. 15 പേരെയാണ് നിലവില്‍ രക്ഷപെടുത്താന്‍ സാധിച്ചത്. രാജമലയില്‍ പുലര്‍ച്ചയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണ് വിവരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി ബന്ധം, വാര്‍ത്താവിനിമയ ബന്ധം എല്ലാം തടസപ്പെട്ടു. അതുകൊണ്ട് ദുരന്തം പുറംലോകം അറിയാന്‍ വൈകുന്ന സാഹചര്യം ഉണ്ടായി. ഇവിടേക്കുള്ള വഴിയിലെ പാലം ഒലിച്ചുപോയിരുന്നു. അത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്താന്‍ വൈകുന്നതിന് ഇടയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

സബ് കളക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ലഭ്യമായ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. വ്യോമസേനയുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാനായിരുന്നു ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular