കൺടെയ്ൻമെന്‍റ് സോണുകള്‍ നിശ്ചയിക്കുന്ന ചുമതല പോലീസിന്

തിരുവനന്തപുരം: കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള ചുമതലകൾ പോലീസിന് കൈമാറി സംസ്ഥാന സർക്കാർ. കൺടെയ്ൻമെൻറ് സോൺ മാർക്ക് ചെയ്യുക, നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുക, ക്വാറന്റീൻ ലംഘിക്കുന്നവരെ കണ്ടെത്തുക, ശാരീരിക അകലം ഉറപ്പാക്കുക, രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ പോലീസിനെ ഏൽപ്പിക്കുകയാണെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പോലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല നോഡൽ ഓഫീസറായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഐ.ജി വിജയ് സാഖറയെ നിയോഗിച്ചു. പുതിയ സംവിധാനം സ്വാഭാവികമായും ജനങ്ങൾക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ രോഗവ്യാപനം വർധിച്ച് ജീവഹാനി സംഭവിക്കുന്നതിനെക്കാൾ നല്ലത് അൽപ്പം പ്രയാസങ്ങൾ അനുഭവിക്കുന്നതാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൺടെയ്ൻമെൻറ് സോണുകൾ മാർക്ക് ചെയ്യുന്നതിനുള്ള ചുമതല ജില്ലാ പോലീസ് മേധാവികൾക്കായിരിക്കും. കൺടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാനുള്ള നടപടി പോലീസാവും സ്വീകരിക്കുക. ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങി നടക്കുക, ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പർക്ക വിലക്ക് ലംഘിക്കുക എന്നിവയെല്ലാം നിയന്ത്രിക്കാനുള്ള പൂർണ ചുമതല ഇനി പോലീസിനായിരിക്കും.

ക്വാറന്റീനിൽ കഴിയുന്നവർ അത് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ പോലീസ് സ്വീകരിക്കും. അവർ പുറത്തിറങ്ങിയാൽ കടുത്ത നടപടി സ്വീകരിക്കും. സമ്പർക്ക വിലക്ക് ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് അക്കാര്യം പോലീസിനെ അറിയിക്കാം. ചന്തകളിലും പൊതുസ്ഥലങ്ങളിലും ആളുകൾ നിശ്ചിത അകലം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പാക്കും. ക്വാറന്റീനിൽ കഴിയുന്നവർ ആശുപത്രിയിൽനിന്നും മറ്റും കടന്നു കളഞ്ഞാൽ അവരെ കണ്ടെത്തുന്നതിനുള്ള നടപടിയും ഇനി പോലീസ് ആയിരിക്കും സ്വീകരിക്കുക.

കോവിഡ് പോസിറ്റീവ് ആകുന്നവരുടെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ കണ്ടെത്തുന്നതിനുള്ള ചുമതലയും ഇനി പോലീസിനായിരിക്കും. അതിനുള്ള നടപടികൾ പോലീസ് നേരിട്ട് സ്വീകരിക്കും. പോലീസിന് ലഭിച്ചിട്ടുള്ള പരിശീലനവും അന്വേഷണ മികവും അക്കാര്യത്തിൽ ഉപയോഗിക്കും. എസ്ഐയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക സംഘമാവും കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരെ കണ്ടെത്തുക.

Follow us on pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular