ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം; സ്വര്‍ണക്കടത്തിലെ ഇടപാടുകളും അന്വേഷിക്കുന്നു, വമ്പന്‍സ്രാവുകള്‍ക്കായി വലവിരിച്ച് സിബിഐ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും 25 പേര്‍ ഇപ്പോഴും ഒളിവില്‍. എട്ടു പേര്‍ക്കെതിരെ കൊഫേപോസ ചുമത്തിയെങ്കിലും രണ്ടു പേര്‍ ഒഴികെ എല്ലാവരും പുറത്തിറങ്ങിയതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ നടപടി തുടങ്ങി. കേരളത്തിലേക്ക് 700 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഈ സ്വര്‍ണക്കടത്തിലെ ഇടപാടുകളും അന്വേഷിക്കും.

ബാലഭാസ്‌കറിന്റെ മരണം സിബിഐ ഏറ്റെടുക്കുമ്പോള്‍ രണ്ടു കാര്യങ്ങളാണു സംശയിക്കുന്നത്. ഒന്ന്– അപകടത്തിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടോ? രണ്ട്– സ്വര്‍ണക്കടത്തുമായി ഇതിനു ബന്ധമുണ്ടോ? രണ്ടാമത്തെ സംശയത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണം ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു പിടിയിലായതാണ്. ഇപ്പോഴത്തെ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തുമായി സംഭവത്തെ ബന്ധപ്പെടുത്തി പലരും ആക്ഷേപം ഉന്നയിക്കുന്നതും ഈ സാഹചര്യത്തിലാണ്.

2019 മെയ് 13ന് 25 കിലോ സ്വര്‍ണം തിരുവനന്തപുരത്തു പിടികൂടുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തിനു മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയായിരുന്നു അത്. കസ്റ്റംസ് സൂപ്രണ്ടും ബാലഭാസ്‌കറിന്റെ രണ്ട് സുഹൃത്തുക്കളും അടക്കം 9 പേരാണ് അന്ന് അറസ്റ്റിലായത്. ഡിആര്‍ഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളും. ആറു മാസത്തിനകം കടത്തിയത് 700 കിലോ സ്വര്‍ണം. സംഘത്തിലുണ്ടായിരുന്നത് മുപ്പതോളം പേര്‍. സ്ത്രീകള്‍ ഉള്‍പ്പെടെയായിരുന്നു അത്.

ഭൂരിഭാഗം പേരെയും പിടികൂടിയെങ്കിലും 25 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പിടികൂടിയവരില്‍ എട്ടു പേര്‍ക്കെതിരെ കൊഫേപോസ ചുമത്തി. രണ്ടു പേരെ കോടതി ഇടപെട്ട് ഒഴിവാക്കി. രണ്ടു പേര്‍ ജാമ്യത്തിലിറങ്ങി മുങ്ങി. അങ്ങനെ കേസിന് ഒരു വര്‍ഷമാകുമ്പോള്‍ ജയിലിലുള്ളത് രണ്ടു പേര്‍ മാത്രം. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പ്രാഥമിക ഘട്ടത്തില്‍ അന്വേഷിച്ചെങ്കിലും ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. അവിടെ നിലച്ചു പോയ അന്വേഷണത്തില്‍ നിന്നാണ് സിബിഐ തുടങ്ങുക. വരുംനാളുകളില്‍ വമ്പന്‍സ്രാവുകള്‍ ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെടുമെന്നും പുതിയ വഴിത്തിരിവുകളുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നത് അതുകൊണ്ടാണ്‌

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular